News

സാഹസികതയും വിനോദവും കൈകോര്‍ത്ത ജടായു എര്‍ത്ത് സെന്‍റര്‍ ജൂലൈ നാലിന് തുറക്കും

ജടായു എർത്ത് സെന്‍റര്‍ ജൂലൈ നാലിന് തുറക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാറമുകളില്‍ പണിപൂര്‍ത്തിയാകുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമാണ് ജടായുവിന്‍റെത്. സമുദ്രനിരപ്പില്‍നിന്ന് 650 അടി ഉയരത്തിലാണ് സാഹസികതയും വിനോദവും കൈകോര്‍ക്കുന്ന കൊല്ലം ചടയമംഗലത്ത് ജടായുശില്‍പം പുനര്‍ജനിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ശില്‍പം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശില്‍പമാണ്.

കലാസംവിധായകനും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചലാണ് ജടായുവിന്‍റെ ശില്‍പി. 15000 ചതുരശ്രയടി സ്ഥലത്താണ് ജടായു ശില്പം ഒരുങ്ങുന്നത്. പൂര്‍ണമായും ശീതീകരിച്ച ശില്പത്തിനുള്ളിലേക്കു കടന്നാല്‍ അപൂര്‍വകാഴ്ചകള്‍ കാണാം. ശില്പത്തിനകത്തെ സാങ്കേതികവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്. ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും. ശില്പത്തിനോടുചേര്‍ന്ന് സ്ഥാപിക്കുന്ന സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് ഒരേസമയം സിനിമകാണാം. തിയേറ്ററിനകത്ത് രാമ-രാവണ യുദ്ധം ദൃശ്യത്തനിമയോടെയും പൗരാണിക പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കും.

65 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ജടായുപ്പാറയുടെ മുകളിലെത്താന്‍ 40 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച കേബിള്‍ കാര്‍ സംവിധാനം പൂര്‍ത്തിയായി. 750 മീറ്ററാണ് കേബിൾ കാർ ദൂരം. ഒരു കാറില്‍ എട്ടുപേര്‍ക്ക് സഞ്ചരിക്കാം. രണ്ട് ഹെലിപാഡുകള്‍, ജലാശയം, അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവ ഇതിനകം പണിപൂര്‍ത്തിയായി. സംസ്ഥാന ടൂറിസം വകുപ്പ് സ്വകാര്യമേഖലയുമായി കൈകോര്‍ത്ത് നടപ്പാക്കുന്ന പ്രഥമ സംരംഭമാണിതെന്ന പ്രത്യേകതയും ജടായുപ്പാറക്കുണ്ട്. പ്രവാസികളുടെ പങ്കാളിത്തത്തോടെ 200 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്.

എംസി റോഡില്‍ കുരിയോട് ഹില്‍വേ ഹോട്ടലിനോടനുബന്ധിച്ച് ജടായു ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഉദ്ഘാടനത്തിനു മുന്നോടിയായി ആരംഭിച്ചു. ജടായു അഡ്വഞ്ചര്‍ പാര്‍ക്ക് നേരത്തെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സാഹസികതയ്ക്കുള്ള സൗകര്യങ്ങളും നിരവധി റൈഡുകളും സഞ്ചാരികളെ ആകര്‍ഷിക്കും. ജടായുപ്പാറയോടു ചേര്‍ന്നുള്ള കോദണ്ഡരാമക്ഷേത്രത്തിന്‍റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.  ഇതുംകൂടി പൂര്‍ത്തിയാക്കിയാണ് ജൂണ്‍ നാലിന് ജടായുപ്പാറ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നത്.

കേബിള്‍ കാര്‍ യാത്രയ്ക്കു 250 രൂപയും പ്രവേശന ഫീസായി 150 രൂപയും ഉള്‍പ്പെടെ ഒരാള്‍ക്ക് 400 രൂപ വീതം മാത്രമേ ഉദ്ഘാടനത്തിന്‍റെ അടുത്ത ദിവസം മുതല്‍ നിശ്ചിത കാലത്തേക്ക് ഉണ്ടാക്കുകയുള്ളൂ. അഡ്വഞ്ചര്‍ പാര്‍ക്കില്‍ നൂതന സാഹസിക വിനോദങ്ങളും ഭക്ഷണമുള്‍പ്പെടെയുള്ള പാക്കേജിന് 2500 രൂപയാണ്. സാഹസിക വിനോദത്തില്‍ താല്‍പര്യമുള്ള സംഘമായി എത്തുന്നവരെയാണ് അഡ്വഞ്ചര്‍ പാര്‍ക്കിലേക്ക് പ്രവേശിപ്പിക്കുക. മ്യൂസിയവും, 6ഡി തിയേറ്റര്‍, പാറക്കെട്ടുകളുടെ ഇടയിലുള്ള ഗുഹാസങ്കേതത്തില്‍ ഒരുക്കുന്ന ആയുര്‍വേദ-സിദ്ധ ചികില്‍സാ കേന്ദ്രം എന്നിവ നവംബറിലാണ് ഉദ്ഘാടനം ചെയുക.