Middle East

ജിദ്ദ വിമാനത്താവളത്തില്‍ ഇഫ്​താർ പദ്ധതി തുടങ്ങി

ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ഇഫ്​താർ പദ്ധതി തുടങ്ങി. ഇഫ്​താർ സമയത്ത്​ ആഭ്യന്തര, വിദേശ ടെർമിനലുകളിലെത്തുന്ന യാത്രക്കാർക്കാണ്​ വിമാനത്താവള ഒാഫീസ്​ ചാരിറ്റബിൾ സൊസൈറ്റികളുമായി സഹകരിച്ച്​ ഇഫ്​താർ പദ്ധതി ഒരുക്കിയിരിക്കുന്നത്​.

പദ്ധതിയിലൂടെ മൂന്ന് ലക്ഷം യാത്രക്കാർക്ക്​ ഇഫ്​താർ വിഭവങ്ങൾ നൽകാനാണ്​ പരിപാടി. ഇതിനായി നിരവധി ജോലിക്കാരെയും സന്നദ്ധ സേവകരായി 70 പേരെയും ഒരുക്കിയിട്ടുണ്ട്​. വിവിധ ഭക്ഷ്യവസ്​തുക്കളടങ്ങിയ പതിനായിത്തിലധികം പാക്കറ്റുകളാണ്​ വിമാനത്താവളത്തിൽ ദിവസവും വിതരണം ചെയ്​തുവരുന്നത്​.

നോർത്ത്​, സൗത്ത്​, ഹജ്ജ്​ ഉംറ ടെർമിനലുകളിലായി ഇഫ്​താർ വിഭവങ്ങളുടെ വിതരണത്തിനായി മൂന്ന്​ തമ്പുകളും ഒരുക്കിയിട്ടുണ്ട്​. തറാവീഹ്​ നമസ്​കാരത്തിനു ശേഷം സുബ്​ഹി വരെ സമയങ്ങളിൽ യാത്രക്കാർക്ക്​ ഇൗത്തപഴവും കഹ്​വയും സംസമും നൽകുന്ന രീതിയിലാണ്​ വിമാനത്താവളത്തിലെ ഇഫ്​ത്താർ പദ്ധതി.