Kerala

പാലക്കാട്​ ഡിവിഷനിൽ 13 എടിവിഎം മെഷീനുകൾ കൂടി: ടെണ്ടർ നടപടികൾ പൂർത്തിയായി

റെയിൽവെ പാലക്കാട്​ ഡിവിഷനു കീഴിലെ സ്​റ്റേഷനുകളിൽ 13 ഒാട്ടോമാറ്റിക്​ ടിക്കറ്റ്​ വെൻഡിങ്​ മെഷീനുകൾ (എടിവിഎം) കൂടി സ്ഥാപിക്കും. നിലവിലുള്ള 40 എടിവിഎം മെഷീനുകൾക്കു പുറമെയാണ്​ 13 മെഷീനുകൾ കൂടി സ്ഥാപിക്കുന്നത്​. തിരൂർ, കുറ്റിപ്പുറം, കോഴിക്കോട്​, വടകര, മാഹി, കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്​റ്റേഷനുകളിലാണ്​ ടിക്കറ്റ്​ വെൻഡിങ്​ മെഷീനുകൾ സ്ഥാപിക്കുക.

മാഹി, കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്​റ്റേഷനുകളിൽ  ആദ്യമായാണ്​ എടിവിഎം മെഷീനുകൾ സ്ഥാപിക്കുന്നത്​. പയ്യന്നൂർ, വടകര, കോഴിക്കോട്​, കുറ്റിപ്പുറം, തിരൂർ എന്നീ സ്​റ്റേഷനുകളിൽ നിലവിലുള്ള മെഷീനുകൾക്ക്​ പുറമെയാണ്​  ഒരുമെഷീൻ കൂടി സ്ഥാപിക്കുന്നത്. ഇതു സംബന്ധിച്ച ടെണ്ടർ നടപടികൾ പൂർത്തിയായതായി റെയിൽവെ അധികൃതർ അറിയിച്ചു. മെഷീനുകൾ വിതരണം ചെയ്യുന്നതും സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ വൈകാതെ നടക്കും.

എടിവിഎം സ്ഥാപിക്കുന്നതോടെ ജനറൽ ടിക്കറ്റ്​ എടുക്കാൻ ക്യൂ നിന്ന്​ വലയുന്നതിൽ നിന്നും യാത്രക്കാർക്ക് മോചനം ലഭിക്കും. റീചാർജ്​ കാർഡ്​ ഉപയോഗിച്ച്​ പ്രവർത്തിപ്പിക്കാവുന്ന ​എടിവിഎം മെഷീനുകളാണ്​ സ്​റ്റേഷനുകളിൽ സ്ഥാപിക്കുക. നിലവിൽ പാലക്കാട്​ ഡിവിഷനു കീഴിൽ റീചാർജ്​ കാർഡ്​ ഉപയോഗിച്ച്​ പ്രവർത്തിപ്പിക്കാവുന്ന 31 മെഷീനുകളും, നാണയവും രൂപയും കാർഡും ഉപയോഗിച്ച്​ പ്രവർത്തിപ്പിക്കാവുന്ന 9 മെഷീനുകളുമാണുള്ളത്​.

സാധാരണക്കാർക്ക്​ റീചാർജ്​ കാർഡ്​ ഉപയോഗിച്ച്​ മെഷീൻ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നത്​ കണക്കിലെടുത്ത്​ സ്​റ്റേഷനുകളിൽ ഫെസിലിറ്റേറ്റർമാരെയും നിയമിക്കും. ഇവർ യാത്രക്കാരെ ടിക്കറ്റ്​ എടുക്കുന്നതിന്​ സഹായിക്കും. ഇതിന്​ അധികചാർജ്​ നൽകേണ്ടതില്ല. റെയിൽവെയിൽ നിന്ന്​ വിരമിച്ച ജീവനക്കാരെയാണ്​ ഫെസിലിറ്റേറ്റർമാരായി നിയമിക്കുക. കാർഡ്​ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന കൺസഷനാണ്​ ഫെസിലിറ്റേറ്റർമാരുടെ വരുമാനം. 73 ഫെസിലിറ്റേറ്റർമാരാണ്​ ഡിവിഷന്​ കീഴിലെ ​സ്​റ്റേഷനുകളിൽ ഇപ്പോഴുള്ളത്​.