Kerala

കേരള ടൂറിസത്തിന് ലോൺലി പ്ലാനറ്റിന്‍റെ ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ് പുരസ്ക്കാരം

ലോൺലി പ്ലാനറ്റ് മാഗസിൻ നടത്തിയ ഇന്ത്യ ട്രാവൽ അവാർഡ് 2018ൽ കുടുംബങ്ങൾക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. മാഗസിൻ നടത്തിയ ഓൺലൈൻ പോളിലൂടെയാണ് പുരസ്കാരം കേരളം സ്വന്തമാക്കിയത്. മുംബൈ സെന്‍റ് റെഗ്ഗിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ പുരസ്ക്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ലോൺലി പ്ലാനറ്റിന്‍റെ  ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ റൊമാൻസ് അവാർഡ് നേടിയത് മൂന്നാർ ആയിരുന്നു. ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന രാജ്യാന്തര പ്രശസ്തിയും കേരളം കൈവരിച്ചിരിച്ചിട്ടുണ്ട്.

മൺസൂൺ കാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന നീലക്കുറിഞ്ഞി സീസണും ജടായു എർത്ത് സെന്‍ററും കേരളം ലോകത്തിനു സമ്മാനിക്കുന്ന മൺസൂൺ സമ്മാനങ്ങളാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ടൂറിസത്തിന്‍റെ ആത്മാർത്ഥമായ പരിശ്രമങ്ങളെ വ്യവസായ ലോകം അംഗീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. ഉന്നതമായ പുരസ്ക്കാരം ഏറ്റുവാങ്ങുന്ന ഈ നിമിഷം കേരള ടൂറിസത്തെ സംബന്ധിച്ച് അങ്ങേയറ്റം അഭിമാനാർഹമാണ്.

വർഷം മുഴുവനും ഹൃദ്യവും സമ്പന്നവുമായ യാത്രാനുഭവങ്ങളാണ് കേരളം സഞ്ചാരികൾക്കു സമ്മാനിക്കുന്നത്. ഏതു പ്രായത്തിലുള്ള സഞ്ചാരികളുടെയും അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന കേരളം പന്ത്രണ്ടു മാസക്കാലവും ടൂറിസ്റ്റുകൾക്ക് ആതിഥേയത്വം അരുളാൻ സർവസജ്ജമാണെന്നും റാണിജോര്‍ജ് പറഞ്ഞു. എല്ലാ തലമുറയിലുംപെട്ട സഞ്ചാരികളുടെ അഭിരുചികൾക്കിണങ്ങുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് കേരളമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി ടൂറിസം ഡയറക്ടർ പി ബാലകിരൺ പറഞ്ഞു. കുടുംബത്തിനൊന്നടങ്കം എത്തിച്ചേരാനുള്ള  ഏറ്റവും മികച്ച ടൂറിസ്റ്റ്  കേന്ദ്രമായി കേരളം തിരഞ്ഞെടുക്കപ്പെടുന്നത് അതുകൊണ്ടാണ്.

ബെസ്റ്റ് ഫാമിലി ഡെസ്റ്റിനേഷൻ എന്ന ആശയത്തെ മുൻനിർത്തി  ‘കം ഔട്ട് ആൻഡ് പ്ലേ’ എന്ന ക്യാംപയിനും കേരള ടൂറിസം തുടക്കം കുറിച്ചിട്ടുണ്ട്. ലോകത്ത്  ഏറ്റവുമധികം സഞ്ചാരികൾ കുടുംബത്തോടൊപ്പം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി  കേരളം മാറിയിരിക്കുന്നു  എന്ന പ്രചരണമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ബാലകിരണ്‍ പറഞ്ഞു. കൂടാതെ മൺസൂൺ കാലത്ത് കേരളത്തിലെത്തുന്ന  ടൂറിസ്റ്റുകൾക്ക് വൈവിധ്യപൂർണമായ വിനോദസഞ്ചാര പരിപാടികളും ജലകേളികളും ആസ്വദിക്കാനുള്ള അവസരങ്ങളും ഒരുക്കുന്നുണ്ട്. ഈ സീസണിൽ കേരളത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം പറഞ്ഞു.

ടൂറിസം രംഗത്ത് വൻ വളർച്ചയാണ് കേരളം കൈവരിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 11.39 ശതമാനം വളർച്ച 2017ൽ കേരള ടൂറിസം കൈവരിച്ചു. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 5.15 ശതമാനത്തിന്‍റെ വർധനവും ഉണ്ടായി. 2021ഓടെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ  50 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാനാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ  നേട്ടങ്ങൾ കൈവരിക്കുന്ന ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെയാണ് ലോൺലി പ്ലാനറ്റ് മാഗസിൻ ഇന്ത്യ ട്രാവൽ അവാർഡ് നൽകി ആദരിക്കുന്നത്.

പ്രണയം, സംസ്കാരം, സാഹസികത, ഭക്ഷണപാനീയങ്ങൾ, വൈൽഡ് ലൈഫ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും മികച്ച രീതിയിൽ ടൂറിസ്റ്റുകള്‍ക്ക് ആസ്വദിക്കാവുന്ന കേന്ദ്രങ്ങളെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തുക. തങ്ങളുടെ യാത്രാനുഭവങ്ങളെ മുൻ നിർത്തി ഓൺലൈനിലൂടെ വോട്ടു രേഖപ്പെടുത്തി ലോകമെങ്ങുമുള്ള സഞ്ചാരികളാണ് ഏറ്റവും മികച്ച ഡെസ്റ്റിനേഷനെ തിരഞ്ഞെടുക്കുന്നത്.