Kerala

പത്തുരൂപയ്ക്ക് കുമരകം- പാതിരാമണല്‍ യാത്ര

പത്തു രൂപയ്ക്കൊരു കായല്‍യാത്ര. അതും വേമ്പനാട്ടുകായലിലെ കാഴ്ചകള്‍ ആസ്വദിച്ച്. കുമരകത്തു നിന്നും പാതിരാമണൽ ദ്വീപിലേക്കാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ ബോട്ട് സർവീസ് ആരംഭിച്ചിരിക്കുന്നത്. രണ്ടു തരത്തിലാണ് ഈ ബോട്ട് യാത്രയുള്ളത്. കുമരകത്തു നിന്നും പാതിരാമണലിൽ പോയി തിരികെ വരുന്ന വിധത്തിലുള്ള യാത്രയാണ് ഒന്ന്.

രണ്ടു വശങ്ങളിലേക്കുമുള്ള യാത്രയ്ക്കായി 20 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. ഈ യാത്രയിൽ കുമരകത്തു നിന്നും ബോട്ട് കയറുന്നവരെ പാതിരാമണലിൽ ഇറക്കിയ ശേഷം ബോട്ട് നേരേ മുഹമ്മയ്ക്കാണ് പോകുന്നത്. മുഹമ്മയിൽ നിന്നും പത്തു രൂപ നല്കിയാൽ പാതിരാമണലിലെത്താം. അരമണിക്കർ സമയമാണ് ഈ യാത്രയ്ക്കെടുക്കുന്നത്. മുഹമ്മയിൽ നിന്നും കുമരകത്തേയ്ക്ക് പോകുന്ന ബോട്ടിൽ കയറി എപ്പോൾ വേണമെങ്കിലും പാതിരാമണലിൽ നിന്നും കുമരകത്തേയ്ക്കു തിരികെ പോകുവാനും സാധിക്കും.

വേമ്പനാട് കായലിനു നടുവിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പച്ചത്തുരുത്താണ് പാതിരാമണൽ. ആളും ബഹളങ്ങളുമില്ലാതെ സമയം ചിലവഴിക്കുവാൻ താല്പര്യമുള്ളവർക്കായി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരിടത്താവളം എന്നു വേണമെങ്കിലും പാതിരാമണലിനെ വിശേഷിപ്പിക്കാം. ദേശാടന പക്ഷികളുടെ വാസസ്ഥലമെന്ന നിലയിൽ പ്രശസ്തമായിരിക്കുന്ന ഇവിടെ കൂടുതലും പ്രകൃതി സ്നേഹികളും പക്ഷി നിരീക്ഷകരുമാണ് എത്തിച്ചേരുന്നത്. കുമരകത്തിനും തണ്ണീർ മുക്കം ബണ്ടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അനന്തപത്മനാഭൻ തോപ്പ് എന്നും പാതിരാ തോപ്പ് എന്നും അറിയപ്പെടുന്ന പാതിരാമണൽ ദ്വീപ് പത്ത് ഏക്കർ ചുറ്റളവിലായാണ് സ്ഥിതി ചെയ്യുന്നത്.