Kerala

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലില്‍ കൂടുതല്‍ സൗകര്യം ഒരുങ്ങുന്നു

കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഹാളില്‍ യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നു. കാത്തിരിപ്പും വരിനില്‍പ്പും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി.

സുരക്ഷാ പരിശോധനയ്ക്കായി കൂടുതല്‍ സൗകര്യങ്ങളാണ് ഹാളിന്റെ താഴെ നിലയില്‍ സജ്ജീകരിക്കുന്നത്. കസ്റ്റംസ് ഹാളില്‍ 20 കൗണ്ടറുകള്‍ ഉണ്ടാകും.

യാത്രക്കാരുടെ ലഗേജുകള്‍ എളുപ്പത്തില്‍ പരിശോധിക്കുന്നതിനായി രണ്ട് ‘യു’ കണ്‍വെയറുകള്‍ ഉള്‍പ്പെടെ അഞ്ചു കണ്‍വെയറുകള്‍ സ്ഥാപിക്കുന്നുണ്ട്. മാത്രമല്ല, അഞ്ച് എക്‌സ്‌റേ യന്ത്രങ്ങളും എത്തുന്നു.

നിര്‍മാണം അവസാനഘട്ടത്തിലെത്തിയ ടെര്‍മിനലിന്റെ താഴെനില മിനുക്കുപണിയിലാണിപ്പോള്‍. രണ്ടു നിലകളിലായി 1500 യാത്രക്കാര്‍ക്ക് ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്ന ടെര്‍മിനല്‍ ആണ് ഒരുങ്ങുന്നത്.