News

ജനക്പുരി മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പാത വരെ മജന്ത ലൈനിന് അനുമതി

ഡല്‍ഹി മെട്രോയുടെ മജന്ത ലൈനിന്റെ ജനക്പുരി വെസ്റ്റ് മുതല്‍ കല്‍കാജി മന്ദിര്‍ വരെയുള്ള ഭാഗത്തിനു യാത്രാനുമതി. 25.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗം വൈകാതെ യാത്രയ്ക്കു തുറന്നുനല്‍കും. റെയില്‍വേ ബോര്‍ഡിന്റെ സുരക്ഷാ പരിശോധനയില്‍ അംഗീകാരം ലഭിച്ചതോടെയാണു യാത്രയ്ക്കു പച്ചക്കൊടി ലഭിച്ചത്.

ഡല്‍ഹി മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട മജന്ത പാതയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി വരെയുള്ള 12.64 കിലോമീറ്റര്‍ ഭാഗം കഴിഞ്ഞ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ ജനക്പുരി വെസ്റ്റ് വരെയുള്ള 38.23 കിലോമീറ്ററാണു മജന്ത ലൈന്‍. പുതിയ ഭാഗത്തു 16 സ്റ്റേഷനുകളാണുള്ളത്.

ഇതില്‍ ഹൗസ് ഖാസ്, ജനക്പുരി വെസ്റ്റ് എന്നിവ ഇന്റര്‍ചെയ്ഞ്ച് സ്റ്റേഷനുകളാണ്. ഹൗസ് ഖാസ് മെട്രോ സ്റ്റേഷനില്‍ നിന്നു മഞ്ഞ പാതയിലേക്കും ജനക്പുരി സ്റ്റേഷനില്‍ നിന്നു ബ്ലൂ ലൈനിലേക്കും മാറിക്കയറാം.

വെസ്റ്റ് ഡല്‍ഹിയും സൗത്ത് ഡല്‍ഹിയും തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ പുതിയ പാത വരുന്നതോടെ സാധിക്കും. നിലവില്‍ ഹൗസ് ഖാസില്‍ നിന്നു ജനക്പുരി വെസ്റ്റ് വരെ യാത്ര ചെയ്യാന്‍ രാജീവ് ചൗക്കില്‍ വന്നു മാറിക്കയറുകയാണു വേണ്ടത്. യാത്രയ്ക്ക് 55 മിനിറ്റ് സമയമെടുക്കുമെങ്കില്‍ പുതിയ പാത വരുന്നതോടെ യാത്രാ സമയം 30 മിനിറ്റായി കുറയും.