Kerala

പ്രധാന റോഡുകളില്‍ ഡിവൈഡര്‍ പാടില്ല: പകരം സംവിധാനം ആലോചിച്ച് പൊലീസ്

പ്രധാന റോഡുകളില്‍ ഡിവൈഡറുകള്‍ പാടില്ലെന്ന നിര്‍ദേശത്തെത്തുടര്‍ന്നു അപകടസാധ്യതാ മേഖലകളില്‍ പകരം സുരക്ഷാ സംവിധാനം ആലോചിച്ച് പൊലീസ്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പുമായി കൂടിയാലോചിച്ചുള്ള നടപടികളാണു പരിഗണിക്കുന്നത്.

കോടതി ഉത്തരവുപ്രകാരം ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉള്ള ഡിവൈഡറുകള്‍ പൊലീസ് നീക്കിത്തുടങ്ങി. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണു നടപടി.

ഡിവൈഡര്‍ സുഗമയാത്ര തടസ്സപ്പെടുത്തുന്നെന്ന പരാതിയിലാണു നടപടി. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ സ്ഥിരം അപകടമേഖയായ കല്ലേക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ കഴിഞ്ഞദിവസം നീക്കി. നിര്‍ദേശം അപകട, മരണ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയും പൊലീസിനുണ്ട്.

പകരം സംവിധാനത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ ധാരണയായിട്ടില്ല. സംസ്ഥാന, ദേശീയ പാതകള്‍ക്കുപുറമെ പ്രധാന ജില്ലാ റോഡുകളിലും നിര്‍ദേശം ബാധകമാണെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാര്‍ പറഞ്ഞു.

സ്ഥിരം അപകടം സംഭവിക്കുന്ന മേഖലകളില്‍ രണ്ടു വശത്തും ഡിവൈഡറുകള്‍ സ്ഥാപിച്ചാണ് പൊലീസ് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നത്. ഇതിനു പകരമുള്ള ശാസ്ത്രീയ സംവിധാനം ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. ട്രാഫിക് കോണ്‍, മുന്നറിയിപ്പുബോര്‍ഡുകള്‍, സ്ഥിര പരിശോധന തുടങ്ങിയ സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്.