Short Escapes

അനന്തപുരിയുടെ മാറ്റമറിയാം വെള്ളയമ്പലം വരെ വന്നാല്‍

തിരുവനന്തപുരം നഗരത്തിന് പറയുവാന്‍ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ചരിത്രവും, യുദ്ധവും, രാജവാഴ്ച്ചയും, രാഷ്ട്രീയവും, പറയുവാന്‍ ഏറെ കഥകളുണ്ട് നഗരത്തിന്. കാലത്തിന് അനുസരിച്ച് നഗരത്തിന് വന്ന മാറ്റങ്ങള്‍ ഏറെയാണ്. നഗരത്തിന്റെ ഹൃദയത്തില്‍ ചരിത്രം ഏറെ പറയുവാന്‍ ഉള്ള സഥലമാണ് വെള്ളയമ്പലം.

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് വെള്ളയമ്പലം ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്. എന്നാല്‍ സ്ഥലനാമത്തില്‍ ഇപ്പോഴും ആര്‍ക്കും നിശ്ചയമില്ല ഇപ്പോഴും. മുമ്പ് ഇവിടെ വെള്ള നിറത്തിലുള്ള അമ്പലം ഉണ്ടായിരുന്നതായി പറയുന്നു. അതൊരു ജൈനക്ഷേത്രം ആയിരുന്നുവെന്നും അതല്ല വഴിയമ്പലം ആയിരുന്നു എന്ന് തര്‍ക്കം തുടരുന്നു.

ചരിത്രത്തില്‍ നിറയെ സ്ഥനമുണ്ടായിരുന്നു വെള്ള.മ്പലത്തിന്. ആണ്ട് തോറും നടക്കാറുള്ള ശാസ്തമംഗലം എഴുന്നള്ളത്തിന് മഹാരാജാവിനോടൊപ്പം വരുന്ന പട്ടാളക്കാരും കുതിര പൊലീസും അവിടെയാണ് വിശ്രമിച്ചിരുന്നത്.

സ്വാതിതിരുന്നാള്‍ ഭരിച്ചിരുന്ന കാലത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ചതും നക്ഷത്ര നിരീഷണത്തനായി പണിത കൊട്ടാരമാണ് പിന്നീട് കനകക്കുന്ന് കൊട്ടാരമായത്. പിന്നീട് ഭരണത്തില്‍ വന്ന മാറ്റത്തിലൂടെ സ്ഥലത്തിന് മാറ്റങ്ങള്‍ വന്നു. മ്യൂസിയവും, പൂന്തോട്ടവും വന്നതൊക്കെ ഈ മാറ്റത്തിലൂടെയാണ്.

എന്നാല്‍ വെള്ളയമ്പലം ഭാഗത്ത് പണിതീര്‍ത്ത ആദ്യ മനോഹരമായ കൊട്ടാരം വെള്ളയമ്പലം കൊട്ടാരം തന്നെയാണ്. കാലാന്തരത്തില്‍ ഉപ്പോള്‍ ഈ കൊട്ടാരെ കൊല്‍ട്രോണിന്റെ ഓഫീസായി.

ആയില്യം തിരുനാളിന്റെ കാലത്ത് ശ്രീമൂലംതിരുനാളിനും സഹോദരനും താമസിക്കാന്‍ നിര്‍മിച്ചതാണ് ഈ കൊട്ടാരമെന്ന് കൊല്ലവര്‍ഷം 1046 മിഥുനം 21-ന്റെ രാജകീയ നീട്ടില്‍ നിന്നു മനസിലാക്കാം. യുവരാജാവ് എന്ന നിലയില്‍ ശ്രീമൂലംതിരുനാള്‍ വളരെക്കാലം ഇവിടെയാണ് താമസിച്ചിരുന്നതെന്ന് പറയുന്നു.

ഇപ്പോള്‍ പെട്രോള്‍ പമ്പ് സ്ഥിതിചെയ്യുന്ന ഭാഗം വിശാലമായ പ്രദേശമായിരുന്നുവെന്നും അവിടെ ഉണ്ടായിരുന്ന കുളത്തില്‍ ഭടന്മാരുടെ അകമ്പടിയില്‍, വാദ്യഘോഷത്തോടെ ശ്രീമൂലം തിരുനാള്‍ കുളിക്കാന്‍ (പള്ളി നീരാട്ട്) പോയിരുന്നത് പഴമക്കാര്‍ കേട്ടിട്ടുള്ള കഥകളാണ്.

രാജകീയ ഉദ്യോഗസ്ഥന്മാരേയും കാവല്‍ക്കാരേയും പട്ടാളക്കാരേയും സദാസമയത്തും ആശ്വാരൂഢ പോലീസും രാജകീയരഥങ്ങളും കൊണ്ട് നിറഞ്ഞിരുന്ന ഈ പ്രദേശം ഇന്നാകെ മാറിയിരിക്കുന്നു. ശ്രീചിത്തിരതിരുനാളിന്റെ ഭരണത്തുടക്കത്തില്‍ (പില്‍ക്കാലത്ത് ദിവാന്‍) സര്‍ സി.പി. രാമസ്വാമി അയ്യര്‍ മഹാരാജാവിന്റെ രാഷ്ടീയ ഉപദേശകനായി താമസിച്ചിരുന്നത് ഈ കൊട്ടാരത്തിലാണ്.

വെള്ളയമ്പലം കൊട്ടാരത്തിന്റെ മുന്‍വശത്തുനിന്നു നീളുന്നത് സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലിക്കാലത്ത് ആരംഭിച്ച മാനവീയം വീഥിയാണ്. സ്വാതന്ത്ര്യക്കാലത്തും അതിനുശേഷവും കലാ-സാഹിത്യരംഗത്ത് തിളങ്ങിനിന്ന സാംസ്‌കാരിക നായകന്മാരായ വയലാര്‍ രാമവര്‍മ്മ, ദേവരാജന്‍ മാസ്റ്റര്‍, പി. ഭാസ്‌കരന്‍ എന്നിവരുടെ പ്രതിമകള്‍കൂടി ഈ ഭാഗത്ത് ഇപ്പോള്‍ സ്ഥലം പിടിച്ചിരിക്കുന്നത് കാലത്തിന്റെ മാറ്റത്തെ വിളിച്ചറിയിക്കുന്ന പ്രധാന സംഭവമാണ്. ഒന്നും സ്ഥിരമല്ലെന്നും എല്ലാം മാറ്റത്തിനു വിധേയമാണെന്നുമുള്ള വലിയ തത്ത്വമാണ് വെള്ളയമ്പലം പഠിപ്പിക്കുന്നത്.