Places to See

അനന്തപുരിയിലെ വെള്ളച്ചാട്ടങ്ങള്‍

വേനല്‍ അവധിയുടെ അവസാനം എത്താറായി. മഴയ്ക്ക് മുമ്പുള്ള കൊടും ചൂടില്‍ നിന്ന് രക്ഷനേടാന്‍ തിരുവന്തപുരത്തും സമീപ ജില്ലകളില്‍ നിന്നും പോയി വരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടങ്ങള്‍.

കുരുശടി വെള്ളച്ചാട്ടം

മങ്കയം നദിയില്‍ നിന്നും രൂപപ്പെടുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് കുരിശടി വെള്ളച്ചാട്ടം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ വെള്ളച്ചാട്ടം വളരെ ചെറിയ വെള്ളച്ചാട്ടമാണ്. ഇക്കോ ടൂറിസം ഓഫീസിന്റെ നേതൃത്വത്തില്‍ ഇവിടെ ട്രക്കിങ്ങുണ്ട്. അര ദിവസം മുതല്‍ ഒരു ദിവസം വരേയും നീളുന്ന യാത്രയായതിനാല്‍ ആവശ്യത്തിനു സമയവും മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി വേണം ഇവിടെയെത്താന്‍.

വാഴ്വന്തോള്‍ വെള്ളച്ചാട്ടം

തിരുവനന്തപുരം ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വന്തോള്‍ വെള്ളച്ചാട്ടം. ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരം നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഇവിടേക്കുള്ള ട്രക്കിങ്ങിനു ഒരു മണിക്കൂര്‍ വേണം. മലമുകളില്‍ നിന്നും ഒലിച്ചിറങ്ങി വരുന്ന ധാരാളം കുഞ്ഞരുവികളും വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

ബോണാ ഫാള്‍സ്

ആളുകള്‍ക്ക് തീരെ പരിചയം കുറഞ്ഞ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ബോണാ ഫാള്‍സ്. അഗസ്ത്യാര്‍കൂടം ബയോസ്ഫിയര്‍ റിസര്‍വ്വിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തില്‍ എത്തുവാന്‍ പ്രത്യേക അനുമതി ആവശ്യമുണ്ട്. പ്രത്യേകം പരിശീലനം നേടിയ ഗൈഡിന്റെ മേല്‍നോട്ടത്തിലുള്ള യാത്ര വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. വനത്തിനുള്ളിലൂടെ ഏകദേശം നാലു മണിക്കൂര്‍ കഠിനമായ ട്രക്കിങ് നടത്തിയാലേ ഇവിടെ എത്താന്‍ സാധിക്കൂ.

തിര്‍പ്പറപ്പു വെള്ളച്ചാട്ടം

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് തിര്‍പ്പറപ്പു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നാഗര്‍ കോവിലില്‍ നിന്നും 42 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. അന്‍പത് അടി ഉയരത്തില്‍ നിന്നും താഴേക്ക് കല്ലുകളിലും പാറകളിലും തട്ടി താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാഴ്ചയില്‍ ഏറെ മനോഹരമാണെന്ന് പറയാതെ വയ്യ. വര്‍ഷത്തില്‍ ഏഴു മാസവും വളരെ ആക്ടീവായ ഒരു വെള്ളച്ചാട്ടമാണിത്. എന്നാല്‍ തിര്‍പ്പറപ്പു വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനായും ആസ്വദിക്കണമെങ്കില്‍ മഴക്കാലത്തു തന്നെ ഇവിടേക്ക് യാത്ര ചെയ്യണം. എന്തുതന്നെയായാലും വേനല്‍ചൂടില്‍ നിന്നും രക്ഷപെടാന്‍ പറ്റിയ ഒരിടമാണിവിടം എന്ന കാര്യത്തില്‍ സംശയമില്ല.

കാളികേശം വെള്ളച്ചാട്ടം

പ്രകൃതി സ്‌നേഹികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ സ്ഥിതി ചെയ്യുന്ന കാളികേശം വെള്ളച്ചാട്ടം. സംരക്ഷിത വനത്തിന്റെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരുവാന്‍ വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കാളി ക്ഷേത്രത്തില്‍ നിന്നുമാണ് വെള്ളച്ചാട്ടത്തിന് ഈ പേരു ലഭിച്ചത്.