Kerala

നുമ്മ ഊണ് ഇന്ന് മുതല്‍ 13 ഇടങ്ങളിലേക്ക് 

കേരളത്തില്‍ വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുത് എന്ന ലക്ഷ്യവുമായി നുമ്മ ഊണ് പദ്ധതി എറണാകുളം ജില്ലയിലാകെ വ്യാപിപിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് രണ്ടിടത്ത് തുടരുന്ന പദ്ധതി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലേക്ക് വെള്ളിയാഴ്ച്ച മുതല്‍ മുതല്‍ കൂപ്പണ്‍ വിതരണം തുടങ്ങും.

തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് നല്‍കുന്ന പദ്ധതിക്കുള്ള കൂപ്പണുകള്‍ നിലവില്‍ കലക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലുമാണ് ലഭിക്കുന്നത്.

കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ച പദ്ധതിക്ക് പെട്രോനെറ്റ് എല്‍എന്‍ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാകമ്മിറ്റിയുമാണ് പിന്തുണ നല്‍കുന്നത്.

കൊച്ചി താലൂക്ക് ഓഫീസ്, വൈപ്പിന്‍ മാലിപ്പുറം സാമൂഹ്യാരോഗ്യകേന്ദ്രം, കുന്നത്തുനാട് താലൂക്ക് ഓഫീസ്, പറവൂര്‍ താലൂക്ക് ഓഫീസ്, ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് (പൊലീസ് എയ്ഡ്പോസറ്റ്), മൂവാറ്റുപുഴ പൊലീസ് എയ്ഡ്പോസ്റ്റ് (കച്ചേരിത്താഴം), കോതമംഗലം സ്വകാര്യബസ് സ്റ്റാന്‍ഡ്, എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷന്‍, അങ്കമാലി റെയില്‍വേ സ്റ്റേഷന്‍, വൈറ്റില ഹബ് എന്നിവിടങ്ങളിലാണ് പുതുതായി കൂപ്പണ്‍ വിതരണ കേന്ദ്രങ്ങള്‍.

കൗണ്ടറിനു സമീപത്തുള്ള രണ്ടോ അതിലധികമോ ഹോട്ടലുകള്‍ സൗജന്യ ഭക്ഷണ വിതരണത്തിന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി താലൂക്ക് ഓഫീസിനു സമീപം റഹ്മത്തുള്ള കഫേ (കായീസ്), സംസം ഹോട്ടല്‍, വൈപ്പിന്‍ മാലിപ്പുറം ടോപ് ഹോം, ആല്‍വിന്‍ ഹോട്ടല്‍, കുന്നത്തുനാട് ഓംകൃഷ്ണ, ട്രീറ്റ് ഹൗസ്, പറവൂര്‍ ഹോട്ടല്‍ ഉഡുപ്പി, ഷിനോയീസ് ലഞ്ച് ഹോം, ആലുവ ഹോട്ടല്‍ സാഗര്‍, ഹോട്ടല്‍ താഹൂര്‍, എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം  അമ്പാടി, ഡീലക്സ് ഹോട്ടല്‍, മൂവാറ്റുപുഴ സിറ്റി ഹോട്ടല്‍, നാനോ ഹോട്ടല്‍, കോതമംഗലം  മേളം, ശ്രീകൃഷ്ണ, കാക്കനാട്  കലക്ടറേറ്റ് കാന്റീന്‍, അളകാപുരി, എറണാകുളം സൗത്ത് ഹോട്ടല്‍ മുഗള്‍, ആര്യാസ്, ആര്യഭവന്‍, എറണാകുളം നോര്‍ത്ത് രാം നിവാസ്, ബ്ലൂ സ്റ്റാര്‍, അങ്കമാലി നെല്‍വയല്‍, ഈഡന്‍ പാര്‍ക്ക്, വൈറ്റില ഹബ് മുരുക, നാലുകെട്ട് എന്നീ ഹോട്ടലുകളാണ് പദ്ധതിയിലുള്‍പ്പെടുത്തിയത്.

പെട്രോനെറ്റ് എല്‍എന്‍ജി ഫൗണ്ടേഷന്‍ പ്രിന്റ് ചെയ്ത് കലക്ടറേറ്റില്‍ നല്കുന്ന ഭക്ഷണകൂപ്പണുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കും. ഇവിടെനിന്ന് പകല്‍ 11.30 മുതല്‍ രണ്ടുവരെ ആളുകള്‍ക്ക് ഭക്ഷണകൂപ്പണുകള്‍ വാങ്ങി ഹോട്ടലുകളില്‍നിന്ന് വിശപ്പകറ്റാം. 12 മുതല്‍ 2.30 വരെയാണ് ഹോട്ടലുകളില്‍ ഭക്ഷണം ലഭിക്കുക.

ഉപയോഗിച്ച കൂപ്പണുകള്‍ കണക്കാക്കി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ നല്‍കുന്ന കണക്കനുസരിച്ച് എല്‍എന്‍ജി പെട്രോനെറ്റ് ഫൗണ്ടേഷന്റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടില്‍ (സിഎസ്ആര്‍) നിന്ന് തുക കൈമാറും.

ഭക്ഷണകൂപ്പണുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനും ഉപയോഗിച്ചവയെ വിവിധ ഹോട്ടലുകളില്‍നിന്ന് ശേഖരിക്കാനും ഭാരത്മാതാ കോളേജ് വിദ്യാര്‍ഥികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തില്‍ മന്ത്രി എ സി മൊയ്തീനാണ് നുമ്മ ഊണ് പദ്ധതി ഉദ്ഘാടനംചെയ്തത്.