Tech

കെ-ഫോണ്‍ പദ്ധതി: സംയുക്ത സംരംഭത്തിന് അനുമതി

സംസ്ഥാനത്ത് കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് എന്നപേരില്‍ സംയുക്ത സംരംഭം ആരംഭിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍  ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാന ഐ ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡും കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് പദ്ധതി ആരംഭിക്കുന്നത്. കെ-ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ 20 ലക്ഷം കുടുംബങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ലഭിക്കും. സംയുക്ത സംരംഭത്തിന്‍റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനും മന്ത്രിസഭ അംഗീകരിച്ചു.

സംയുക്ത കമ്പനിക്ക് പ്രൊഫഷണല്‍ പിന്തുണ ഉറപ്പാക്കുന്നതിന് പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്‍റെ കാലതാമസം ഒഴിവാക്കുന്നതിന് പുതിയ ജോയിന്‍റ് വെഞ്ച്വര്‍ കമ്പനി രൂപീകരിക്കുന്നതുവരെ  ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന് അനുമതി നല്‍കി. ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിക്കും.