Middle East

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രവുമായി ദുബൈ ആര്‍ ടി എ

ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രവുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) . ഇതാദ്യമായാണ് ദുബായില്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സംരംഭം ഒരുങ്ങുന്നത്. ഉം അല്‍ റമൂലിലെ പുതിയ സ്മാര്‍ട്ട് സെന്റര്‍ ആര്‍.ടി.എ ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ ഉദ്ഘാടനം ചെയ്തു.

സേവനങ്ങള്‍ മെച്ചപ്പെടുത്തുക, പ്രവര്‍ത്തനം കാര്യക്ഷമമാക്കുക , നടപടികള്‍ ലളിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ സെന്റര്‍ യാഥാര്‍ഥ്യമാക്കുകയെന്ന് മാതര്‍ അല്‍ തായര്‍ പറഞ്ഞു. ദുബായിയെ സ്മാര്‍ട്ട് നഗരമാക്കുന്ന പദ്ധതികളുടെ ഭാഗം കൂടിയാണിത്.

ജീവനക്കാരില്ലാത്ത സേവനകേന്ദ്രത്തില്‍ രണ്ടു സ്മാര്‍ട്ട് കിയോസ്‌കുകളാണുള്ളത്. വാഹനങ്ങളുടെയും, ഡ്രൈവര്‍മാരുടെയും ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍, എന്‍.ഒ.സി. സേവനങ്ങള്‍ എന്നിവ ഇത് വഴി ലഭ്യമാക്കാം. സാലിക് റീചാര്‍ജ് ചെയ്യാനും , പാര്‍ക്കിങ് കാര്‍ഡുകള്‍ പുതുക്കാനും സാധിക്കും.

ഇത് കൂടാതെ സ്ഥാപനങ്ങള്‍ക്ക് ആര്‍.ടി.എ. യുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കംപ്യൂട്ടര്‍ അടക്കുമുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 2014 -ലാണ് സെല്ഫ് സര്‍വീസ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്. ഇതിനകം 16,000ലധികം ഇടപാടുകളാണ് ഇതുവഴി നടന്നത്. ഒരു ഇടപാടിന് എടുക്കുന്ന ശരാശരി സമയം രണ്ടര മിനുട്ടാണെന്നതാണ് ഏറ്റവും വലിയ സവിശേഷത.