Kerala

ശ്രീപത്മനാഭന്‍റെ നിധിശേഖരം പൊതുപ്രദര്‍ശന വസ്തുവാകില്ല

കേരളാടൂറിസത്തിന് നാഴികകല്ലായേക്കാവുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി പ്രദര്‍ശന വസ്തുവാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകരുതെന്ന നിലപാടില്‍ രാജകുടുംബം ഉറച്ചു നില്‍ക്കുന്നതാണ് പ്രദര്‍ശനത്തിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ക്ഷേത്രസ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകുന്നത് നേരത്തെ രാജകുടുംബം എതിര്‍ത്തിരുന്നു. ഇത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നതാണ്.

ഇപ്പോഴും ഈ നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബാംഗങ്ങള്‍ പറഞ്ഞു. രാജകുടുംബവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മഹാനിധി പ്രദര്‍ശിപ്പിക്കില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പകരം നിധികളുടെ ത്രിഡി രൂപങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിന് രാജകുടുംബത്തിനും സമ്മതമായിരുന്നു. ചിത്രമ്യൂസിയം സ്ഥാപിച്ചാലും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാകും. സുരക്ഷാ പ്രശ്‌നങ്ങളിലും ക്ഷേത്രത്തിലെ ആചാരങ്ങളിലും തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന്‍റെ ഈ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചതായിരുന്നു. അന്താരാഷ്ട്ര മ്യൂസിയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് അന്തിമനിര്‍ദേശം നല്‍കേണ്ടത്. മഹാനിധി പ്രദര്‍ശിപ്പിക്കുന്നതിന് അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം. അപൂര്‍വമായ രത്‌നങ്ങള്‍ പതിപ്പിച്ച മാലകളും വിഗ്രഹങ്ങളുമാണ് നിലവറകളിലുള്ളത്. പ്രധാന നിലവറകളില്‍ ‘എ’ നിലവറ മാത്രമാണ് തുറന്നു പരിശോധിച്ചിട്ടുള്ളത്. ‘ബി’ നിലവറ തുറന്നു പരിശോധിക്കാന്‍ സുപ്രീംകോടതി ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

കഴിഞ്ഞദിവസം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അടക്കം വ്യവസായ, വിനോദസഞ്ചാര മേഖലയിലെ ചില സംഘടനകള്‍ മുഖ്യമന്ത്രിയെക്കണ്ട് നിലവറയിലെ നിധിയുടെ പ്രദര്‍ശനശാലയൊരുക്കാനുള്ള പദ്ധതി സമര്‍പ്പിച്ചിരുന്നു. 300 കോടി രൂപയുടെ രൂപരേഖയാണ് ഇവര്‍ തയാറാക്കിയത്. എന്നാല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ അനുവാദം ലഭിച്ചാല്‍ പദ്ധതിയുമായി മുമ്പോട്ടു പോകാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. രാജകുടുംബത്തിന്‍റെ അനുമതി തേടാനും അതിനുശേഷം പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളാകാമെന്നും മുഖ്യമന്ത്രി  നിര്‍ദേശിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തേയും സംഘടനാ പ്രതിനിധികള്‍ കണ്ടിരുന്നു. ഇദ്ദേഹവും ഇതേ നിലപാടാണ് സ്വീകരിച്ചത്.