Business Tourism

ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. മാങ്കാവിലാണ് പദ്ധതിയുടെ നിർമാണം ആരംഭിക്കുക. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമാ‍യ എംഎ യുസുഫ് അലി ദുബൈയിലാണ്  പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

ഹോട്ടലും അന്താരാഷ്ട്ര കൺവെൻഷൻ സെന്‍ററും ഷോപ്പിങ് സെന്‍ററും അടങ്ങുന്നതായിരിക്കും പദ്ധതി. മൂന്ന് മാസത്തിനകം നിർമാണം ആരംഭിക്കുന്ന പദ്ധതി 3000 പേർക്ക് ജോലി നല്‍കും. കൊച്ചി ലുലു കൺവൻഷൻ സെന്‍ററിന്‍റെയും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്‍റെയും ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി‍യുടെ ഉപദേശത്തെ തുടർന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇതിനായുള്ള അനുമതിയും ലഭിച്ചു.

കഴിഞ്ഞ മാസം 28നാണ് കേരളത്തിന്‍റെ മൈസ് ടൂറിസത്തിന് നാഴികക്കല്ലാവുന്ന ലുലു കൺവൻഷൻ സെന്‍ററും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്‍ററുമായി 26 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ബോള്‍ഗാട്ടിയിലെ വിസ്മയം. രണ്ടും ചേര്‍ന്ന് പതിമൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഒരേ സമയം ആറായിരം പേര്‍ക്ക് ഇരിക്കാം. ഹോട്ടലിലെ ഹാളുകളും ചേര്‍ത്താല്‍ ഒരേ സമയം എണ്ണായിരം പേര്‍ക്ക് സമ്മേളനങ്ങളില്‍ പങ്കെടുക്കാം.