Aviation

സൗദി എയര്‍ലൈന്‍സില്‍ വാട്‌സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം

സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്ക് സൗജന്യ വാട്സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം ഒരുങ്ങുന്നു. ആഭ്യന്തര സര്‍വീസുകളിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര സര്‍വീസുകളിലും വാട്സ് ആപ് ഉപയോഗിക്കാന്‍ അവസരം ഒരുക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു.

യാത്രക്കാര്‍ക്ക് ബന്ധുക്കളുമായി ആശയ വിനിമയം നടത്തുന്നതിനാണ് സൗജന്യ വാട്സ്ആപ് സേവനം ആരംഭിക്കുന്നതെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. എന്നാല്‍ ശബ്ദ സന്ദേശങ്ങളും വീഡിയോകളും അയക്കാന്‍ സൗകര്യം ഉണ്ടാവില്ല. തുടക്കത്തില്‍ ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ മാത്രമാണ് സൗകര്യം ഒരുക്കുന്നത്. ഇതിനായി സൗദിയുടെ ആഭ്യന്തര വിമാനങ്ങളിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര സര്‍വീസുകളിലും വൈഫൈ സേവനം ലഭ്യമാക്കും.

യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നതിന്‍റെ ഭാഗമായാണ് വാട്സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം ഒരുക്കുന്നത്. വിവര വിനിമയ രംഗത്തെ സാധ്യതകള്‍ യാത്രക്കാര്‍ക്കും പരമാവധി ലഭ്യമാക്കുന്നതിനാണ് വാട്സ്ആപ് സന്ദേശം സൗജന്യമായി അനുവദിക്കുന്നതെന്നും സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി.