Adventure Tourism

സാഹസിക വിനോദസഞ്ചാരം ലക്ഷ്യമിട്ട് വയനാട്: പുതിയ സാഹസിക കേന്ദ്രങ്ങള്‍ വയനാട് ടൂറിസത്തില്‍ ഉള്‍പ്പെടുത്തും

ടൂറിസം വികസനത്തിനൊരുങ്ങി വയനാട്. സഞ്ചാരികള്‍ ഇതുവരെ എത്തിപ്പെടാത്ത ഇടങ്ങളെ വയനാട് ടൂറിസത്തിന്‍റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കലക്ടറുടെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചു. ട്രക്കിങ്ങിനും സാഹസിക വിനോദസഞ്ചാരത്തിനും അനുയോജ്യമായ സ്ഥലങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്.

ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി അവയുടെ ടൂറിസം സാധ്യതകള്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം. മേപ്പാടിയിലെ എളമ്പിലേരി, അമ്പലവയലിലെ മഞ്ഞപ്പാറ, ചീങ്ങേരിമല, കടുവാക്കുഴി, ആറാട്ടുപാറ, ഫാന്‍റം റോക്ക്, മീനങ്ങാടിയിലെ കൊളഗപ്പാറ, നെന്‍മേനിയിലെ തൊവരിമല എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. നീലിമല, സണ്‍റൈസ് വാലി, മാവിലാംതോട്, കാരാപ്പുഴ തുടങ്ങിയ സ്ഥലങ്ങള്‍കൂടി സംഘം സന്ദര്‍ശനം നടത്തും.

നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളോടൊപ്പം ഇവകൂടി ഉള്‍പ്പെടുത്തിയാല്‍ വയനാടന്‍ വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടായേക്കും. ആഘോഷവേളകളില്‍ നിലവിലുള്ള കേന്ദ്രങ്ങളില്‍ തിരക്കുമൂലം സന്ദര്‍ശകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാറില്ല. ഈ സാഹചര്യം മറികടക്കാനാണ് പുതിയ കേന്ദ്രങ്ങള്‍ തുറക്കാന്‍ ആലോചിക്കുന്നത്. വര്‍ഷം മുഴുവന്‍ സഞ്ചാരികളെ സ്വീകരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി തയ്യാറാക്കുന്നത്.