Destinations

മസൂറി: മലകളുടെ റാണി വാഴുന്ന തണുപ്പിന്‍റെ കൊട്ടാരം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ, സഞ്ചാരികളെ മോഹിപ്പിക്കുന്ന ഹില്‍സ്റ്റേഷന്‍ ഏതാണെന്ന ചോദ്യത്തിന് ഒറ്റഉത്തരമേയുള്ളൂ. അത് മസൂറി എന്നാണ്. കോളനി ഭരണത്തിന്‍റെ ശേഷിപ്പുകള്‍ അവശേഷിക്കുന്ന ഈ നഗരം ഒരുകാലത്ത് ചൂടില്‍ നിന്നും രക്ഷപ്പെടാനായി ബ്രിട്ടീഷുകാരാണ് കണ്ടെത്തിയത്. 1823ലാണ് ഈ തണുപ്പിന്‍റെ കൊട്ടാരത്തെ ബ്രിട്ടീഷുകാര്‍ അവരുടെ സമ്മര്‍വെക്കേഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മസൂറി ഉത്തരാഖണ്ഡ് ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരമലമ്പ്രദേശമാണ്.  വര്‍ഷംതോറും വിദേശത്തു നിന്നടക്കം ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത കുന്നുകളാണ്. പുരാതനമായ ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രശസ്തമായ ഇവിടം വിശ്വാസികളുടെ പ്രധാന തീര്‍ഥാടനകേന്ദ്രംകൂടിയാണ്.

ജ്വാലാദേവി ക്ഷേത്രം, നാഗ് ദേവതാ ക്ഷേത്രം, ഭദ്രാജ് ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ഗണ്‍ ഹില്‍, ലാല്‍ ടിബ്ബ, നാഗ് ടിബ്ബ, കെംപ്റ്റി, ഝരിപാനി, ഭട്ടാ, മോസ്സി വെള്ളച്ചാട്ടങ്ങള്‍, ഝര്‍പാനി വെള്ളച്ചാട്ടം, കമ്പനി ഗാര്‍ഡന്‍, ക്യാമല്‌സ് ബാക്ക് റോഡ്, ക്രൈസ്റ്റ് ചര്‍ച്ച്, ബട്ടാ ഫാള്‍സ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍. ഇതില്‍ ഏറ്റവും പ്രശസ്തമായത് ലാല്‍ ടിബ്ബ മലകളാണ്.

മസൂറിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ലാല്‍ ടിബ്ബ. ഓള്‍ ഇന്ത്യാ റേഡിയോയുടെയും ദൂരദര്‍ശന്‍റെയും ടവറുകള്‍ ഈ മലമുകളിലുണ്ട്. ഇന്ത്യന്‍ മിലിട്ടറി സര്‍വ്വീസസ് കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം 1967ല്‍ ലാല്‍ ടിബ്ബയില്‍ ജാപ്പനീസ് ദൂരദര്‍ശിനി സ്ഥാപിച്ചു. ഈ ദൂരദര്‍ശിനിയിലൂടെ നോക്കിയാല്‍ സമീപ പ്രദേശങ്ങളായ ബണ്ഡേര്‍ പഞ്ച്, കേദാര്‍നാഥ്, ബദരീനാഥ് എന്നിവ കാണാന്‍ കഴിയും. മസൂറിയിലെ മറ്റൊരു പ്രധാന മലനിരയാണ് നാഗ് ടിബ്ബ. ഇത് സര്‍പ്പങ്ങളുടെ കൊടുമുടി എന്നും അറിയപ്പെടുന്നു. സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

ഡൽഹിയിൽ നിന്നും മറ്റു ഉത്തരേന്ത്യന്‍ പട്ടണങ്ങളിൽ നിന്നും മസൂറിയെ ബസ്സ് മാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ റെയിൽ മാർഗം ഡെഹ്‌റാഡൂണിൽ എത്തിച്ചേർന്നതിനു ശേഷം 34 കിലോമീറ്റര്‍ സഞ്ചരിച്ചാൽ മസൂറിയിൽ എത്താം. കൂടാതെ ഡൽഹിയിൽ നിന്നും ഡെഹ്‌റാഡൂണിലേക്ക് വിമാനമാർഗവും എത്തിച്ചേരാം. വടക്കേ ഇന്ത്യയിലെ പ്രധാന നദികളായ യമുന, ഗംഗ എന്നിവയുടെ ഉത്ഭവസ്ഥാനമായ യമുനോത്രി, ഗംഗോത്രി എന്നിവടങ്ങളിലേക്കും മസൂറിയിൽ നിന്ന് എത്തിച്ചേരാവുന്നതാണ്. ഇവിടുത്തെ യാത്രക്ക് പ്രധാനമായും ബസ്, ടാക്സി എന്നിവയാണ് ലഭിക്കുന്നത്. ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം മാർച്ച് പകുതി മുതൽ നവംബർ പകുതി വരെയാണ്.