News

സൗന്ദര്യോത്സവത്തിനായി അഞ്ചുരുളി ഒരുങ്ങുന്നു

ഇടുക്കിയുടെ സൗന്ദര്യവും കൂളിര്‍മയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സുന്ദരിയാണ് അഞ്ചുരുളി. അനന്ത വിസ്തൃതിയില്‍ പടര്‍ന്നുകിടക്കുന്ന ഇടുക്കി ജലാശയവും ജലാശയത്തെ ചൂഴ്ന്നുനില്‍ക്കുന്ന കാനനഭംഗിയും കല്യാണത്തണ്ട് മലനിരകളും ഇരട്ടയാര്‍ ഡാമില്‍നിന്നു ജലമെത്തിക്കുന്നതിനായി നിര്‍മിച്ച അഞ്ചുരുളി ടണല്‍മുഖവും തടാക മധ്യത്തിലെ ഇടത്തുരുത്തും വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്.

ഈ മനോഹാരിത ആവോളം ആസ്വദിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും സംഘടിപ്പിക്കുന്ന അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ഈമാസം 16നു തിരിതെളിയും. 27നു സമാപിക്കും. ഇതിനു മുന്നോടിയായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു.

ഇടുക്കി താലൂക്കിന്റെ കിഴക്ക് സ്ഥിതിചെയ്യുന്ന, കാര്‍ഷിക-കുടിയേറ്റ-ആദിവാസി ഗോത്രവിഭാഗ പൈതൃകങ്ങള്‍ കുടികൊള്ളുന്ന കാഞ്ചിയാര്‍ പഞ്ചായത്തിലാണ് അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്.

വിശാലമായ ഇടുക്കി ജലാശയത്തിനുള്ളില്‍ ഉരുളി കമഴ്ത്തിയതു പോലെ അഞ്ചു കുന്നുകള്‍ സ്ഥിതി ചെയ്യുന്നതിനാലാണ് അഞ്ചുരുളി എന്ന പേരു ലഭിച്ചത്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് അഞ്ചുരുളി വെള്ളച്ചാട്ടവും ഭംഗിയും ആസ്വദിക്കാനെത്തുന്നത്. സൗന്ദര്യോത്സവത്തില്‍ ആസ്വാദകര്‍ക്കായി ഒട്ടേറെ പരിപാടികളാണു സംഘാടകര്‍ ഒരുക്കുന്നത്.

ഹൈഡല്‍ ടുറിസവുമായി ബന്ധപ്പെട്ട് തടാകത്തില്‍ ബോട്ടിങ്, കാര്‍ണിവല്‍, വടംവലി, വോളിബോള്‍ ടൂര്‍ണമെന്റുകള്‍, കലാകായിക മത്സരങ്ങള്‍, ആയോധനകലകളുടെ പ്രദര്‍ശനം, കോഴിമല ആദിവാസി വിഭാഗത്തിന്റെ തനതുകലാരൂപമായ കൂത്ത്, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, കാര്‍ഷിക മേള, സാഹിത്യ, സാംസ്‌കാരിക പരിപാടികള്‍, വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍, തുടങ്ങിയവയ്ക്കു പുറമെ അഞ്ചുരുളിയുടെ ആകാശക്കാഴ്ച സമ്മാനിക്കാന്‍ ഹെലികോപ്റ്റര്‍ യാത്രയും സജ്ജമാക്കുവാന്‍ ശ്രമിക്കുന്നതായി സംഘാടകസമിതി ചെയര്‍മാനായ കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് പറഞ്ഞു. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 101 അംഗ എക്സിക്യുട്ടീവ് സമിതിയെ തിരഞ്ഞെടുത്തു.