Special

ലഡാക്കിലേക്ക് റിക്ഷയോടിച്ചു: കയറിയത് ഗിന്നസില്‍

‘നിങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന കാര്യത്തില്‍ കാര്യമില്ല. മറിച്ച് നിങ്ങള്‍ എവിടെ പോകുന്നു എന്നതിനെക്കുറിച്ചാണ് കാര്യം’ പ്രശസ്ത പ്രാസംഗികനായ ബ്രയാന്‍ ട്രേസിയുടെ വാക്കുകളാണ് ഇത്.

എന്നാല്‍ ലോകം ചെവിക്കൊണ്ട ഈ വാചകം ഒരിക്കല്‍ പോലും കേള്‍ക്കാത്ത ജോയ് നഗരത്തിലെ ഒരു റിക്ഷക്കാരന്‍ ഈ വാചകത്തിന് ജീവന്‍ നല്‍കി.


സത്യന്‍ ദാസ് എന്ന 44കാരന്‍ ലഡാക്കിന്റെ മഞ്ഞ് മലയിലേക്ക് നടത്തിയ സാഹസിക യാത്രയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ മുന്‍പിലുള്ളത് 3000 കിലോമീറ്റര്‍ എന്ന ദൂരമാണ് എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് സത്യന്‍ രണ്ട് മാസക്കാലം കൊണ്ട് റിക്ഷ ചവിട്ടി കയറിയത്.

സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തില്‍ റിക്ഷ ചവിട്ടി കയറി ഗിന്നസ്     റെക്കോഡിന് ഉടമയാണ് സത്യന്‍ ദാസ് എന്ന റിക്ഷക്കാരന്‍.

തന്റെ ഇച്ഛാശക്തിയില്‍ മുന്നോട്ട് പാഞ്ഞ റിക്ഷയാത്രയിലെ ഓരോ ദിവസവും ഇന്നും ദാസിന് ഓര്‍മ്മയിലുണ്ട്. 68 ദിവസങ്ങള്‍ കൊണ്ട് ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ശ്രീനഗര്‍, കാര്‍ഗില്‍ എന്നിവ കടന്ന് കര്‍ദുംഗ് ല പാസിലെത്തി.
അപകടങ്ങള്‍ നിരവധി നിറഞ്ഞ പാതയായിരുന്നു പലതും.

ഹരിദ്വാറിന് അടുത്തുള്ള ജിംലി വനത്തില്‍ ദാസിന് നേരിടേണ്ടി വന്നത് കാട്ടാനക്കൂട്ടങ്ങളെയായിരുന്നു. ചില പ്രഭാതങ്ങളില്‍ ദാസ് കണി കണ്ടത് കരടികളെയായിരുന്നു.

പക്ഷേ അവയൊന്നും ദാസിന്റെ യാത്രയ്ക്ക് തടസ്സമായില്ല. യാത്ര ചെയ്യാന്‍ നിരവധി വാഹനങ്ങള്‍ ഇന്ന് നമുക്ക് ലഭിക്കും എന്നാല്‍ തന്റെ റിക്ഷ തന്നെ തിരഞ്ഞെടുത്തതിനും ദാസിന് കാരണങ്ങള്‍ ഉണ്ട്. പ്രകൃതി  ചൂഷണത്തിനെതിരെ തന്റെ റിക്ഷാ യാത്ര ആയുധമായി ഉപയോഗിക്കുകയായിരുന്നു ദാസ്. കൂടാതെ ലോക സമാധാനത്തിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

ദാസിന്റെ ആദ്യ റിക്ഷാ യാത്ര പുരിയിലേക്കായിരുന്നു കുടുംബ സമേതം ആ യാത്ര നടത്തിയത് 1993ലായിരുന്നു. പിന്നീട് 2007ല്‍ ഡാര്‍ജിലിംഗിലേക്ക് യാത്ര നടത്തി. തുടര്‍ന്ന് നിരവധി യാത്രകള്‍ ദാസ് തന്റെ റിക്ഷയിലൂടെ നടത്തി വിജയിച്ചു.

പരീക്ഷണമൊന്നോണം നടത്തി വിജയിച്ച യാത്രകളായിരുന്നു ദാസിന്റെ ഈ വലിയ യാത്രയ്ക്ക് മുതല്‍ക്കൂട്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ദാസിന് ഈ യാത്ര മികച്ച പഠനാനുഭവമായി മാറി.

സത്യ ന്‍ ദാസിന്റെ ജീവിത കഥയെ ആസ്പദമാക്കിയെടുത്ത ലഡാക്ക് ചലേ റിക്ഷാവാല എന്ന് ഡോക്യൂമെന്ററി ചിത്രത്തിന് 65ാം ദേശീയ ചലചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു .