News

റാസല്‍ഖൈമയില്‍ സമഗ്ര വിനോദസഞ്ചാര പദ്ധതി

റാസല്‍ഖൈമയിലെ റാക് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സമഗ്ര വിനോദസഞ്ചാര പദ്ധതി തയ്യാറാവുന്നു. നിലവിലെ സൗകര്യങ്ങളും ഭാവി സാധ്യതകളും വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സമഗ്രമായ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ വികസിപ്പിക്കുന്നത്.

യുഎഇയിലെ ഏറ്റവും വലിയ പര്‍വതനിരയായ ജബല്‍ ജെയ്‌സിനെ സുസ്ഥിരമായ ആഢംബര ക്യാമ്പായി വികസിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉഷ്ണമേഖലാ പര്‍വതനിരകള്‍ സംരക്ഷിക്കുന്നതോടൊപ്പം ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിനും ജലം സംരക്ഷിക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യയും പദ്ധതിയില്‍ അവതരിപ്പിക്കുന്നു.

സമുദ്രനിരപ്പില്‍നിന്ന് 2,000 മീറ്റര്‍ ഉയരം വരുന്ന മലഞ്ചെരുവുകളെ പരിരക്ഷിക്കാന്‍ മാലിന്യനിര്‍മാര്‍ജന സമര്‍പ്പിത പദ്ധതിയും തയ്യാറാകുന്നുണ്ട്. റാസല്‍ഖൈമയുടെ വിനോദ സഞ്ചാര മേഖല വേഗത്തില്‍ വളരുകയാണ്. ഇതിനു പിന്തുണ നല്‍കുന്ന സമഗ്ര സുസ്ഥിര പദ്ധതികളാണ് തയ്യാറാക്കുന്നതെന്ന് റാസല്‍ഖൈമ ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റി സിഇഒ ഹൈത്തം മത്താര്‍ പറഞ്ഞു.