News

ഊബറിനും ഒലയ്ക്കും വെല്ലുവിളിയുമായി എസ് 3 ക്യാബ്‌സ് വരുന്നു

മുംബൈ നഗരത്തില്‍ പുതിയ ആപ് അധിഷ്ഠിത ക്യാബ് സര്‍വീസ് – ‘എസ് 3 ക്യാബ്‌സ്’ അടുത്ത ആഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്യും. ഭാരത് ഗ്രൂപ് എന്ന ചരക്കുഗതാഗത (ലോജിസ്റ്റിക്‌സ്) കമ്പനിയാണ് നടത്തിപ്പുകാര്‍.

ഡ്രൈവര്‍മാര്‍ക്ക് മികച്ച പ്രതിഫലം നല്‍കും. തിരക്ക് അനുസരിച്ച് യാത്ര നിരക്കു കൂടുന്ന സര്‍ജ് പ്രൈസിങ് ഉണ്ടാവില്ല. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പദ്ധതിയായാണ് ആപ് അധിഷ്ഠിത ക്യാബ് സര്‍വീസ് തുടങ്ങുന്നതെന്ന് ഭാരത് ഗ്രൂപ് വ്യക്തമാക്കി.

ഈയിടെ നടന്ന ഒല, ഊബര്‍ ഡ്രൈവര്‍മാരുടെ സമരത്തിന് നേതൃത്വം നല്‍കിയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ (എംഎന്‍എസ്) യൂണിയന്‍ അടക്കം 10 യൂണിയനുകളുടെ പിന്തുണയുണ്ടെന്ന് കമ്പനി ഡയറക്ടര്‍ സൊഹെയ്ല്‍ കസാനി പറഞ്ഞു. തുടക്കത്തില്‍ ആയിരം ക്യാബുകള്‍ ഉണ്ടാകും. രണ്ടു മാസത്തിനകം ഇത് നാലായിരത്തോളമായി വര്‍ധിപ്പിക്കും.

ഡ്രൈവര്‍മാരുടെ പ്രതിദിന കളക്ഷനില്‍ ആദ്യത്തെ 1,800 രൂപയ്ക്ക് കമ്പനി കമ്മിഷന്‍ ഈടാക്കില്ല. അതിനു മുകളില്‍ 10 ശതമാനം കമ്മിഷന്‍ ഈടാക്കും. ഇതിന്റെ ഇരട്ടിയാണ് ഒലയും ഊബറും ഈടാക്കുന്നതെന്നും കസാനി പറഞ്ഞു.