Aviation

കോയമ്പത്തൂരില്‍ നിന്ന് പുലര്‍ച്ചെയുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് ജൂണ്‍ മുതല്‍

കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജൂണ്‍ നാലു മുതല്‍ പുലര്‍ച്ചെ അഞ്ചിന് ചെന്നൈയിലേക്കു സര്‍വീസ് നടത്തും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തിനാണ് ജൂണ്‍ നാലു മുതല്‍ രാത്രി വിമാനത്താവളത്തില്‍ നിര്‍ത്തിയിടാന്‍ അനുമതി ലഭിച്ചിതിനെത്തുടര്‍ന്നാണ്.

ചെന്നൈ-കോയമ്പത്തൂര്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന വിമാനം രാത്രി വിമാനത്താവളത്തില്‍ നിര്‍ത്തിയിടും. ചെന്നൈയില്‍ നിന്നു രാത്രി 10.55നു പുറപ്പെടുന്ന വിമാനം 12.05ന് ഇവിടെ എത്തും. വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്ന വിമാനം രാവിലെ 5.10നു പുറപ്പെട്ട് 6.20നു ചെന്നൈയിലെത്തും. ചെന്നൈയിലേക്കുള്ള യാത്രക്കാര്‍ക്ക്, പ്രത്യേകിച്ചു വ്യാപാരി, വ്യവസായികള്‍ക്ക് ഈ വിമാനം ഏറെ പ്രയോജനമാകുമെന്നാണ് കണക്കു കൂട്ടുന്നത്.

ഇപ്പോള്‍ ചെന്നൈയില്‍ നിന്നുള്ള അവസാന വിമാനം രാത്രി 7.55നാണ് ഇവിടെ എത്തുന്നത്. വൈകാതെ കൂടുതല്‍ വിമാനക്കമ്പനികള്‍ക്കു രാത്രി വിമാനത്താവളത്തില്‍ നിര്‍ത്തിയിടാന്‍ അനുമതി ലഭിച്ചേക്കും.

ഇപ്പോള്‍ രാവിലെ ഏഴിനാണ് ചെന്നൈയിലേക്കുള്ള ആദ്യ വിമാനം പുറപ്പെടുന്നത്. എയര്‍ ഇന്ത്യ, അലൈയന്‍സ് എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡികോ, ജെറ്റ് കണക്ട്, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്‌സ്, സില്‍ക് എയര്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, എയര്‍ അറേബ്യ എന്നിവ ഇവിടെ നിന്നു ഗാര്‍ഹിക, രാജ്യാന്തര വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ദിവസവും 33 വിമാനങ്ങള്‍ ഇവിടെ വന്നു പോകുന്നു. വര്‍ഷം തോറും തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെ 22 ലക്ഷത്തിലധികം പേര്‍ വിമാനത്താവളത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നാണ് അധികൃതര്‍ പുറത്ത് വിടുന്ന കണക്ക്.