Tech

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ബിഎസ്എന്‍എല്‍ സേവനം ലഭ്യമാക്കി

സൗദി അറേബ്യയിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് റോമിംഗ് സൗകര്യം ലഭ്യമാക്കി ബിഎസ്എന്‍എല്‍. പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കാണ് റോമിംഗ് സൗകര്യം ലഭ്യമാക്കിയത്. സൗദിയിലെ പ്രമുഖ ടെലികോം സേവനദാതാവായ സെയ്നുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ ഈ സേവനം ലഭ്യമാക്കുന്നത്. ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ പി ടി മാത്യുവാണ് ഇക്കാര്യം അറിയിച്ചത്.

മൊബൈല്‍ നെറ്റ്‌വര്‍ക്ക് വികസനത്തിന്‍റെ ഭാഗമായി പുതിയ 710 4ജി മൊബൈല്‍ ബിടിഎസ് ടവറുകളും 1050 3ജി ബിടിഎസ് ടവറുകളും 150 2ജി ബിടിഎസ് ടവറുകളും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷം ഡിസംബര്‍ മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും പിടി മാത്യൂ പറഞ്ഞു.

ഫൈബര്‍ ടു ഹോം സാങ്കേതിക വിദ്യ ഉപയോഗിച്ച് 100 എംബിപിഎസ് വേഗത വരെയുള്ള ഇന്‍റര്‍നെറ്റ് സേവനം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള സൗകര്യം സംസ്ഥാനത്തുള്ള എല്ലാ എക്‌സ്‌ചേഞ്ചുകളിലും ബിഎസ്എന്‍എല്‍ നടപ്പാക്കും. ഈ സാമ്പത്തിക വര്‍ഷം ഇരുപത്തിനാലു ലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകളും 1.8 ലക്ഷം ലാന്‍ഡ്‌ലൈനുകളും രണ്ടു ലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും മുപ്പതിനായിരം എഫ്ടിടിഎച്ച് കണക്ഷനുകളും നല്‍കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.