Special

വിദേശവനിതയുടെ കൊലപാതകം: കേരള ടൂറിസത്തെ പഠിപ്പിക്കുന്നത്‌

ലാത്വിയന്‍ സ്വദേശിയും അയര്‍ലണ്ട് നിവാസിയുമായ വനിത അടുത്തിടെ കോവളത്തിന്‌ സമീപം കൊല്ലപ്പെട്ട സംഭവം കേരള ടൂറിസത്തെ ചിലത് പഠിപ്പിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികളാണ് പ്രധാനം. കേരളം വിനോദ സഞ്ചാരികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരുന്ന സ്ഥലമായിട്ടും ഇത്തരം സംഭവങ്ങള്‍ കേരള ടൂറിസത്തിന് തലവേദന സൃഷ്ടിക്കും. കേരള ടൂറിസത്തിന് വിദേശ വനിതയുടെ മരണം നല്‍കുന്ന പാഠമെന്ത്? ടൂറിസം ന്യൂസ് ലൈവ് പരിശോധിക്കുന്നു.

മാറേണ്ട കേരളം

സംസ്ഥാനത്തിന് വര്‍ഷാവര്‍ഷം 25,000 കോടി രൂപ നേടിത്തരികയും ലക്ഷക്കണക്കിന്‌ പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന മേഖലയാണ് ടൂറിസം. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ടൂറിസം മേഖലയ്ക്കു തിരിച്ചടിയാണ്.ഹര്‍ത്താല്‍ ദിനങ്ങളില്‍ വിദേശ സഞ്ചാരികള്‍ ഭക്ഷണമോ വാഹനമോ കിട്ടാതെ വലയേണ്ടി വരുമെന്ന് വിദേശ രാജ്യങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം സ്വാഹതാര്‍ഹാമാണ്. സര്‍വകക്ഷി യോഗം അടക്കം ഇക്കാര്യത്തില്‍ തുടര്‍ തീരുമാനം കൈക്കൊള്ളാനുള്ള നടപടികളാണ് ഇനി ആവശ്യം.

മനോരമ ദിനപ്പത്രത്തിലെ എന്‍ എസ് മാധവന്‍റെ പംക്തിയില്‍ നിന്നും

ഗുണമേന്മാ ടൂറിസം

കേരളം മുന്‍പ് ശ്രദ്ധയൂന്നിയത് ഗുണമേന്മാ ടൂറിസത്തിലാണ്.നിലവാരമുള്ള സഞ്ചാരികളായിരുന്നു കേരളത്തിലെത്തിയത്. ഗുണമേന്മാ( ക്വാളിറ്റി) ടൂറിസത്തില്‍ നിന്ന് ജനകീയ(മാസ്) ടൂറിസത്തിലേക്ക് വഴുതിയതോടെ എത്തുന്ന സഞ്ചാരികളുടെ പെരുമാറ്റങ്ങളിലും മാറ്റം പ്രകടമായി. ബാക്ക് പാക്കേഴ്സ് എന്നറിയപ്പെടുന്ന സഞ്ചാരികളാണ് പലപ്പോഴും കെണികളില്‍ കുടുങ്ങുന്നത്.

വലവിരിച്ച് ലഹരി സംഘങ്ങള്‍

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പലേടത്തും ലഹരി സംഘങ്ങള്‍ സജീവമാണ്. തനിച്ച് നേരിട്ടെത്തുന്ന സഞ്ചാരികളാണ് ഇവരുടെ ലക്‌ഷ്യം. വര്‍ക്കല, കോവളം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇവരുടെ സാനിധ്യമുണ്ട്.

ഡെസ്റ്റിനേഷന്‍ മാനേജര്‍

സഞ്ചാരികള്‍ക്ക് അടിയന്തിര സഹായം തേടണമെങ്കില്‍ ആരെ ബന്ധപ്പെടണം എന്നത് വലിയ വെല്ലുവിളിയാണ്. കോവളത്ത് മരിച്ച വിനോദ സഞ്ചാരിയുടെ സഹോദരി പോലും ആരെ ബന്ധപ്പെടണം എന്നു തുടക്കത്തില്‍ അമ്പരക്കുകയായിരുന്നു. എന്നാല്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഡെസ്റ്റിനേഷന്‍ മാനേജര്‍മാരെ നിയമിക്കുകയാണ് പോംവഴി. നിലവില്‍ ടൂറിസം കേന്ദ്രങ്ങളില്‍ തെരുവുനായകള്‍ ചത്ത്‌ കിടന്നാല്‍ പോലും അത് നീക്കം ചെയ്യാന്‍ പലരും തയ്യാറാവുന്നില്ല. ഡെസ്റ്റിനേഷന്‍ മാനേജര്‍മാരുണ്ടെങ്കില്‍ അതാത് ഇടങ്ങളുടെ നടത്തിപ്പ്, സംരക്ഷണം ,വിനോദ സഞ്ചാരികളുടെ പരാതികള്‍ എന്നിവ അവര്‍ക്ക് കേള്‍ക്കാനാകും.

നോക്കുകുത്തിയോ ഡിടിപിസി

ജില്ലാതലങ്ങളില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലുകളുണ്ട്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തില്‍ ഇവര്‍ പക്ഷെ ശ്രദ്ധ ചെലുത്താറില്ല. ഡിടിപിസി സെക്രട്ടറിമാരെ ഡെസ്റ്റിനേഷന്‍ മാനേജര്‍മാരാക്കാവുന്നതാണ്. അല്ലങ്കില്‍ ജില്ലകളിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാരെ ഈ തസ്തികയില്‍ നിയമിക്കാം. അതായത് അധിക നിയമനം വേണ്ടി വരുന്നില്ല. എന്നാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കൊക്കെ നാഥന്‍ ഉണ്ടെന്ന നിലയാവുകയും ചെയ്യും.

അംഗീകാരം പ്രധാനം

കൊല്ലപ്പെട്ട വിദേശ വനിത ചികിത്സയ്ക്കെത്തിയ സ്ഥാപനത്തെക്കുറിച്ച് ടൂറിസം രംഗത്തെ മിക്കവര്‍ക്കും അറിയില്ല. അംഗീകാരമുള്ള ചികിത്സാകേന്ദ്രങ്ങളുടെയും ആയുര്‍വേദ, മസാജ് കേന്ദ്രങ്ങളുടെയും പട്ടിക ടൂറിസം വെബ്സൈറ്റില്‍ നല്‍കുകയാണ് ഉചിതം.കേരളത്തിൽ എത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ ഏകദേശം 75% 50 വയസിനു മുകളിൽ പ്രായമുള്ളവരാണ്. കേരള സംസ്കാരം ,ഭക്ഷണം ,പ്രകൃതി, ആരോഗ്യസംരക്ഷണം എന്നിവയാണ് ഇവരുടെ ഇഷ്ടങ്ങള്‍. മാനസികപ്രശ്നങ്ങള്‍ക്ക് ആയുർവേദ ചികിത്സക്കായി കേരളത്തില്‍ എത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ രംഗത്തും പുഴുക്കുത്തുകളെ നീക്കാന്‍ കൃത്യമായ നിരീക്ഷണം കൂടിയേ തീരൂ.

വൃത്തിയാകണം വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയും വെടിപ്പോടെയും സംരക്ഷിക്കേണ്ടതുണ്ട്. സീറോ വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതി നടപ്പാക്കണം. മാലിന്യ സംസ്കരണവും അഴുക്കുചാലുകളും ഫലപ്രദമാക്കണം.

 

ഹെല്‍പ്പ് ലൈന്‍  അനിവാര്യം 

ടൂറിസ്റ്റുകള്‍ക്ക് പരാതിയോ അസൌകര്യമോ ഉണ്ടെങ്കില്‍ ആരെ ബന്ധപ്പെടും എന്നതില്‍ അവ്യക്തതയുണ്ട്‌. ടൂറിസം വകുപ്പ് ഇതിനായി നല്‍കിയ നമ്പരില്‍ വിളിച്ച ഏഷ്യാനെറ്റ് ലേഖകന് ലഭിച്ച പ്രതികരണം അടുത്തിടെ കണ്ടതാണ്. ഈ നമ്പര്‍ നിലവിലില്ല എന്നായിരുന്നു പ്രതികരണം. വേണ്ടത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് കെയര്‍ സര്‍വീസാണ്. ടൂറിസം വകുപ്പിന് നേരിട്ട് ഇത് ചെയ്യാനാവുന്നില്ലങ്കില്‍ ഔട്ട്‌ സോഴ്സ് ചെയ്യാം. പൊലീസ്, ഫയര്‍ ഫോഴ്സ്. ആംബുലന്‍സ് എന്നിവ പോലെ ടൂറിസ്റ്റുകള്‍ക്ക് പ്രത്യേക അലര്‍ട്ട് നമ്പര്‍ നല്‍കുക.കേരളത്തിലെവിടെയും നിന്ന് ഈ നമ്പരിലേക്ക് വിളിക്കാന്‍ കഴിയണം. 100,101 തുടങ്ങിയ നമ്പര്‍ പോലെ. ടൂറിസം കണ്‍ട്രോള്‍ റൂം വിവരം പൊലീസിനെയോ ഡെസ്റ്റിനേഷന്‍ മാനേജര്‍മാരെയോ അപ്പോള്‍ തന്നെ അറിയിക്കുക. നമ്പരുകളും ഡെസ്റ്റിനേഷന്‍ മാനേജര്‍മാരുടെ വിവരവും എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുക.

പുതുതായി നിലവില്‍ വരുന്ന ടൂറിസം റഗുലേറ്ററി അതോറിറ്റി ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമെന്ന് കരുതാം.