News

കുമരകത്ത് ജല ആംബുലന്‍സ് എത്തുന്നു

വേമ്പനാട്ടു കായലില്‍ അപകടത്തില്‍ പെടുന്നവര്‍ക്കു വേഗം ചികില്‍സ ലഭ്യമാക്കുന്നതിനായി കുമരകത്ത് ജല ആംബുലന്‍സ് എത്തും. ജലഗതാഗത വകുപ്പിന്റെ പുതിയ സേവന ദൗത്യത്തിന്റെ ഭാഗമായാണ് കുമരകം, മുഹമ്മ കേന്ദ്രീകരിച്ചു ജല ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്. രണ്ടാഴ്ചയ്ക്കകം ജല ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകും.

വിനോദ സഞ്ചാരികളുടെ ബോട്ട് കായലില്‍ അപകടത്തില്‍ പെടുന്ന അവസരത്തിലും ജലവാഹനങ്ങളില്‍വച്ചു വിനോദ സഞ്ചാരികള്‍ക്കോ കായല്‍ തൊഴിലാളികള്‍ക്കോ അസുഖങ്ങള്‍ ഉണ്ടായാലും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ജല ആംബുലന്‍സ് എന്ന ജീവന്‍രക്ഷാ ബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. കായലില്‍നിന്നു വേഗത്തില്‍ രോഗികളുമായി ജല ആംബുലന്‍സ് ഏറ്റവും അടുത്തുള്ള കരഭാഗത്തെത്തി ഇവിടെനിന്ന് ആംബുലന്‍സിലോ മറ്റു വാഹനങ്ങളിലോ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിയും.

25 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും പ്രഥമശുശ്രൂഷയ്ക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നും ലഭ്യമാണ്. പ്രാഥമിക ചികില്‍സ നല്‍കാന്‍ പരിശീലനം ലഭിച്ച ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍ക്കായിരിക്കും ആംബുലന്‍സിന്റെ ചുമതല. യാത്രാ ബോട്ടുകള്‍ 11 കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോള്‍ ജല ആംബുലന്‍സ് 25 കിലോമീറ്റര്‍ വേഗത്തിലാകും പോകുക.