News

വിദേശവനിതയുടെ മരണം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നു ഡിജിപി ലോകനാഥ് ബെഹ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മികച്ച അന്വേഷണമാണ് നടന്നതെന്നും പ്രതികള്‍ക്കെതിരേ കൊലപാതകവും ബലാല്‍സംഗവും അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

വിദേശവനിത പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നു. മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിങ് നടത്താനെന്ന പേരിലാണു യുവതിയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു യുവതി എങ്ങനെ കണ്ടല്‍ക്കാട്ടിലെത്തി എന്നു വ്യക്തമാക്കുന്ന നിര്‍ണായക മൊഴി ലഭിച്ചത്. കോവളത്തെത്തിയ ഇവരെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ ഇവിടേക്കെത്തിച്ചെന്നുമാണു മൊഴിയില്‍ പറയുന്നത്. വിദേശവനിതയുടെ മൃതദേഹം ഇന്നു വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.