News

വിദേശവനിതയുടെ മൃതദേഹം സംസ്ക്കരിച്ചു

കൊല്ലപ്പെട്ട ഐറിഷ് യുവതിയുടെ മൃതദേഹം തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്ക്കരിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇലീസ്, സുഹൃത്തുക്കള്‍ എന്നിവര്‍ സംസ്ക്കാര ചടങ്ങില്‍ സംബന്ധിച്ചു.

ചടങ്ങുകള്‍ക്ക് ശേഷം അടുത്ത ആഴ്ച്ച ചിതാഭസ്മം ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും. യുവതിയുടെ ആഗ്രഹപ്രകാരം ചിതാഭസ്മം വീട്ടിലെ പൂന്തോട്ടത്തില്‍ സൂക്ഷിക്കും. സഹോദരിയുടെ നിര്‍ദേശപ്രകാരമായിരുന്നു സംസ്ക്കാര ചടങ്ങുകള്‍ നടത്തിയത്.  ടൂറിസം വകുപ്പിന് വേണ്ടിയും  അറ്റോയ്ക്ക് വേണ്ടിയും  മൃതദേഹത്തില്‍ പുഷ്പചക്രം  സമര്‍പ്പിച്ചു. ക്രിസ്തുമത ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്ക്കരിച്ചത്.

അതേസമയം, യുവതിയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ലാത്വിയ സ്വദേശിനി കൊല്ലപ്പെട്ടതാണെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണം മുന്നോട്ടുപോകുന്നതിന് മൃതദേഹം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന ബിജെപി ജില്ലാ പ്രസിഡന്റിന്‍റെ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍റെ ഉത്തരവ് മനുഷ്യത്വ രഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നു ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു. മികച്ച അന്വേഷണമാണ് നടന്നതെന്നും പ്രതികള്‍ക്കെതിരേ കൊലപാതകവും ബലാല്‍സംഗവും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.