Middle East

കേരള ടൂറിസത്തെ അഭിനന്ദിച്ച് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി

ടൂറിസം രംഗത്ത് കേരളം മികച്ച നേട്ടം കൈവരിച്ചെന്ന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ. കേരളത്തിന്‍റെ ടൂറിസം ഭാവി പ്രകൃതിദത്ത ടൂറിസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു ദിവസത്തെ കേരള സന്ദര്‍ശത്തിനെത്തിയ അദ്ദേഹം അൽ അമാൻ-വികെഎൽ ഗ്രൂപ് ചെയർമാൻ ഡോക്ടർ വർഗീസ് കുര്യൻ ചിറ്റാറിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. മനോഹരമാണ് കേരളം. നല്ല ജനങ്ങൾ, നല്ല പെരുമാറ്റം, നല്ല ശുദ്ധവായുവും ജലവും പ്രകൃതി ഒരുക്കിയ കാഴ്ചകളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. മാത്രവുമല്ല പണ്ടു മുതലേ ബഹ്‌റൈനും കേരളവും തമ്മില്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ അഭിപ്രായപ്പെട്ടു.

മൂഴിയാർ, കക്കി തുടങ്ങിയ കിഴക്കൻ വനമേഖലകളും സന്ദർശിച്ചു. ബഹ്റൈൻകാരുടെ ടൂറിസം പറുദീസയായി കേരളത്തെ മറ്റുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ ഉപദേഷ്ടാവ് അലി നെയ്മി, ഓഫിസ് ഡയറക്ടർ സൗദ് ഹവ്വ എന്നിവരും ഉപപ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജു എബ്രഹാം എംഎൽഎ, വികെഎൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.