Tech

കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം നിർത്തുന്നു

ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ വിവര വിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്കയും (സിഎ) മാതൃ സ്ഥാപനവുമായ എസ്‌സിഎൽ ഇലക്‌ഷൻസും പ്രവർത്തനം നിർത്തുന്നു.

വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട വാർത്തകൾ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ തുടർപ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കേംബ്രിജ് അനലിറ്റിക്ക ലണ്ടനിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. യുഎസ് പ്രസിഡന്‍റ്  തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകർക്കുവേണ്ടി കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ വാർത്തയാണ് കമ്പനിക്കു തിരിച്ചടിയായത്.

യുകെയിലും ന്യൂയോർക്കിലെ ഫെഡറൽ കോടതിയിലും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികൾക്കായി കേംബ്രിജ് അനലിറ്റിക്ക ഹർജി നൽകി. അതേസമയം, കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം നിർത്തിയാലും വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനെതിരായി ആരംഭിച്ച നിയമനടപടികൾ തുടരും. വിവര വിശകലന സ്ഥാപനമാണു കേംബ്രിജ് അനലിറ്റിക്കയെന്നും രാഷ്ട്രീയ നിലപാടുകൾ മാറ്റിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

2014ൽ ഫെയ്സ്ബുക്ക് വഴി ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണ് ചോര്‍ന്നത്‌. വ്യക്തികളുടെ താൽപര്യങ്ങൾ, അഭിരുചികൾ, ഇഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവയടങ്ങിയ വിവരശേഖരമാണ് ചോർത്തിയത്. കേംബ്രി‍ജ് സർവകലാശാലയിലെ ഗവേഷകൻ അലക്സാണ്ടർ കോഗൻ വികസിപ്പിച്ച ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ് എന്ന ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങൾ ചോർത്തിയത്.