Kerala

സര്‍ക്കാരും ഓണ്‍ലൈന്‍ ടാക്സി തുടങ്ങുന്നു

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ മാതൃകയില്‍ സര്‍ക്കാര്‍ ഓട്ടോ, കാര്‍ സംവിധാനം വരുന്നു. തൊഴില്‍ വകുപ്പിനുകീഴിലുള്ള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹനവകുപ്പ്, ലീഗല്‍മെട്രോളജി വകുപ്പ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആദ്യഘട്ടത്തില്‍ തുടങ്ങുക. വിജയിച്ചാല്‍ എല്ലാ ജില്ലാകളിലും തുടര്‍ന്ന് എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇതുസംബന്ധിച്ച് രൂപരേഖ തയ്യാറാക്കി.

തടസ്സരഹിതവും നിരന്തരവുമായ യാത്രാസൗകര്യം രാജ്യത്ത് എല്ലായിടത്തും ഒരുപോലെയെത്തിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ തുടങ്ങണമെന്ന് കേന്ദ്ര ഉപരിതലഗതാഗത-ദേശീയപാതാ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിനായി മുന്നോട്ടുവരുന്നവര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതിന്‍റെ ചുവടുപിടിച്ചാണ് പദ്ധതി.

ഓണ്‍ലൈന്‍ സര്‍വീസില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ള ടാക്സിക്കാരെ ചേര്‍ത്ത് സഹകരണസംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് ഇപ്പോഴുള്ള ധാരണ. അടുത്ത വര്‍ഷം ജനുവരിയോടെ സര്‍വീസിനു തയ്യാറുള്ള ടാക്സികളില്‍ ജിപിഎസ് നിര്‍ബന്ധമായും ഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

ഇതിനുള്ള ചെലവ് ഡ്രൈവറോ വാഹന ഉടമയോ വഹിക്കണം. ബാങ്ക് വായ്പയെടുത്ത് ജിപിഎസ് സ്ഥാപിക്കുന്നവര്‍ക്ക് പലിശ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ജിപിഎസ് സംവിധാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും നിരീക്ഷണ സൗകര്യവുമുണ്ടായിരിക്കും.