Tech

ഐഫോണ്‍ ത്രിഡി ടച്ച് ഫീച്ചര്‍ അവസാനിപ്പിക്കുന്നു

വരാനിരിക്കുന്ന ആപ്പിള്‍ ഐഫോണുകളില്‍ നിന്നും ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാന്‍ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തല്‍. കെജിഐ സെക്യൂരിറ്റീസിലെ പ്രശസ്ത അനലിസ്റ്റായ മിങ് ചി കുവോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യയായ കവര്‍ ഗ്ലാസ് സെന്‍സര്‍ അവതരിപ്പിക്കാന്‍ പദ്ധതിയുള്ളതിനാലാണ് ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് മിങ് ചി കുവോ പറയുന്നു. കവര്‍ഗ്ലാസ് സെന്‍സറും ത്രിഡി ടച്ച് സംവിധാനവും ഒന്നിച്ച് പോവില്ല. മാത്രവുമല്ല ഇതുവഴി ഐഫോണ്‍ നിര്‍മ്മാണത്തിനുള്ള ചിലവ് വലിയൊരളവില്‍ കുറക്കാനും ആപ്പിളിന് സാധിക്കും.

വരാനിരിക്കുന്ന 6.1 ഇഞ്ച് ഐഫോണില്‍ നിന്നും ത്രീഡി ടച്ച് പൂര്‍ണമായി നീക്കുമെന്നാണ് കുവോ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐഫോണ്‍ ടെന്നിന്‍റെ പിന്‍ഗാമിയായ ഐഫോണ്‍ ടെന്‍ പ്ലസില്‍ ത്രിഡി ടച്ച് സംവിധാനം നിലനിര്‍ത്തുമെന്നും 2019 ഓടെ എല്ലാ ഐഫോണുകളും കവര്‍ഗ്ലാസ് സെന്‍സറിലേക്ക് മാറുമെന്നും കുവോ പറഞ്ഞു. 2015ല്‍ ഐഫോണ്‍ 6 എസിലാണ് ത്രീഡി ടച്ച് സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്.