Kerala

വെള്ളാവൂര്‍ തുരുത്ത് സാഹസിക ടൂറിസത്തിനായി ഒരുങ്ങുന്നു

ലോക ടൂറിസം മാപ്പില്‍ ഇടം നേടാന്‍ മണിമലയാറ്റിലെ ഒരു കൊച്ചുതുരുത്ത് ഒരുങ്ങുന്നു. വാഴൂര്‍ ബ്ലോക്കിലെ വെള്ളാവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ തുരുത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി വെള്ളാവൂര്‍ ദ്വീപ് എന്ന പദ്ധതിക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. വെള്ളാവൂര്‍ ദ്വീപ് ടൂറിസം പദ്ധതിയുടെ വിശദമായ പ്ലാനും എസ്റ്റിമേറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചു.

മണിമലയാറിനാല്‍ ചുറ്റപ്പെട്ട കുളത്തൂര്‍മൂഴിക്ക് സമീപം പുതിയ ചെക്ക്ഡാം നിര്‍മാണം ഉടന്‍ ആരംഭിക്കും. ചെക്ക് ഡാമിന്റെ സമീപ പ്രദേശത്തുള്ള തുരുത്താണ് വെള്ളാവൂര്‍ ദ്വീപ് എന്നറിയപ്പെടുന്നത്. സാഹസിക ടൂറിസമാണ് ദ്വീപില്‍ ലക്ഷ്യമിടുന്നതെന്ന് വെള്ളാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ശ്രീജിത്ത് പറഞ്ഞു. മൊത്തം 80 സെന്റ് കരഭൂമിയിലാണ് മണിമലയാറിന്റെ നടുക്കുള്ള വെള്ളാവൂര്‍ ദ്വീപ് സ്ഥിതിചെയ്യുന്നത്.

പദ്ധതിയുടെ ഭാഗമായി ആറിന്റെ കരയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കും. കുളത്തൂര്‍മൂഴിയില്‍ ആരംഭിച്ച് ദ്വീപിന്റെ നേരെ എതിര്‍വശം വരെ നീളുന്ന നടപ്പാത നിര്‍മിക്കും. നടപ്പാതയില്‍ നിന്നും ദ്വീപിലെത്താന്‍ വടം കെട്ടിയുണ്ടാക്കുന്ന നടപ്പാലം നിര്‍മിക്കും. വടംകൊണ്ടുള്ള നടപ്പാലത്തിനപ്പുറം സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് വടത്തില്‍ തൂങ്ങിയാടി ദ്വീപിനുള്ളില്‍ പ്രവേശിക്കാനും വഴിയൊരുക്കും.

വന്‍മരങ്ങള്‍ തണലൊരുക്കുന്ന തുരുത്തിലെ ഓരോ സാഹസിക പ്രവര്‍ത്തനവും മരങ്ങളുമായി ബന്ധപ്പെടുത്തി തന്നെയാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന പാര്‍ക്കും ആകര്‍ഷണീയമാകും. ചെക്ക്ഡാമിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഭീമാകാരനായ ബലൂണിനുള്ളില്‍ ആളുകളെ കയറ്റി വെള്ളത്തിലൂടെ ഒഴുക്കിവിടുന്ന വിനോദ പരിപാടിയായ വാട്ടര്‍ സോര്‍ബിങ് പോലുള്ള സാഹസിക വിനോദപരിപാടികള്‍ക്കും തുടക്കം കുറിക്കും.

മാനംമുട്ടെ ഉയര്‍ന്നുപൊങ്ങുന്ന ഊഞ്ഞാലുകളും ഏറുമാടങ്ങളും വിനോദത്തിന് പ്രത്യേകമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12.5 കോടി രൂപയാണ് വെള്ളാവൂര്‍ ദ്വീപ് ടൂറിസം പദ്ധതിക്കായി വകയിരുത്തിയത്. കൂടാതെ മണിമലയാറിന്റെ വശങ്ങളിലെ വാക്വേ നിര്‍മാണത്തിനും പെഡസ്ട്രിയല്‍ ബോട്ടിങ് സംവിധാനത്തിനുമായി 3.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മണിമല പൊലീസ് സ്റ്റേഷന്‍, വെള്ളാവൂര്‍ പഞ്ചായത്ത്, വെള്ളാവൂര്‍ ഫോക് ലോര്‍ അക്കാദമി എന്നിവയ്ക്ക് മുമ്പിലൂടെ പുഴയിലൂടെ സവാരി എന്ന രീതിയിലാണ് ബോട്ടിങ് സംവിധാനം ക്രമപ്പെടുത്തുന്നത്.

മൂങ്ങാനി ചെക്ക്ഡാം മുതല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മണിമല കൊച്ചുപാലം വരെയുള്ള 700 മീറ്റര്‍ നടപ്പാത ആകര്‍ഷകമാക്കി നവീകരിക്കും. രാത്രികാലങ്ങളിലെ ലൈറ്റിങ് സംവിധാനവും പദ്ധതിയിലുണ്ട്. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ വെള്ളാവൂര്‍ ടൂറിസം പദ്ധതി കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് കമ്പനി ലിമിറ്റഡ് ആണ് നടപ്പിലാക്കുന്നത്.