News

കൊച്ചിയിൽ റോ-റോ ജങ്കാർ സർവീസിന് തുടക്കം

ഫോര്‍ട്ട്‌കൊച്ചിയ്ക്കും വൈപ്പിനും ഇടയില്‍ ആരംഭിച്ച റോ-റോ (റോൺ ഓൺ റോൾ ഓഫ് വെസൽ) ജങ്കാര്‍ സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജലഗതാഗത മേഖല ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേയർ സൗമിനി ജയിൻ അധ്യക്ഷത വഹിച്ചു.

ഇന്ത്യയിൽ ആദ്യമായാണ് റോ-റോ സര്‍വീസ് ആരംഭിക്കുന്നത്. കോർപറേഷൻ വികസന ഫണ്ടിൽ നിന്നു 15 കോടി രൂപ ചെലവിലാണു രണ്ടു റോ-റോ യാനങ്ങളും ജെട്ടികളും നിർമിച്ചിട്ടുള്ളത്. വൈപ്പിൻ ഫോർട്ട്കൊച്ചി യാത്രയ്ക്കു റോഡ് മാർഗം 40 മിനിറ്റ് എടുക്കുമ്പോൾ റോ-റോ വഴി മൂന്നര മിനിറ്റു കൊണ്ടു ഫോർട്ട് കൊച്ചിയിലെത്താം. നാലു ലോറി, 12 കാറുകൾ, 50 യാത്രക്കാർ എന്നിവ ഉൾക്കൊള്ളാനുള്ള ശേഷിയാണ് റോ-റോ ജങ്കാറിനുള്ളത്. എസ്പിവി രൂപീകരിക്കുന്നതു വരെ കെഎസ്ഐഎൻസിക്കാണു നടത്തിപ്പ് ചുമതല.

ഫോർട്ട് ക്വീൻ ബോട്ട് സർവീസും ഈ റൂട്ടിൽ തുടരും. രാവിലെ ആറു മുതൽ രാത്രി 10 വരെയാണു സർവീസുണ്ടാകുക. കൊച്ചിൻ ഷിപ്പ്‌യാർഡ് നിശ്ചിത സമയത്തിനുള്ളിൽ ജങ്കാറുകളുടെ നിർമാണം പൂർത്തിയാക്കിയെങ്കിലും മൂറിങ് ജെട്ടികളുടെ നിർമാണം വൈകിയതാണു കാലതാമസമുണ്ടാക്കിയത്.

മുൻ മേയർ ടോണി ചമ്മണിയുടെ കാലയളവിൽ മിഷൻ കൊച്ചിയിൽ ഉൾപ്പെടുത്തി 2014ലാണു പദ്ധതിക്കു തുടക്കമിട്ടത്. സർവീസിൽ നിന്നു ലഭിക്കുന്ന ലാഭം നഗരസഭയും കെഎസ്ഐ‍എൻസിയും പങ്കിട്ടെടുക്കുമെന്നു ഡപ്യൂട്ടി മേയർ ടിജെ വിനോദ് പറഞ്ഞു. വാർഷിക അറ്റകുറ്റപ്പണിയും നഗരസഭ നിർവഹിക്കും.