Festival and Events

ഇവരുടേയും കൂടിയാണ് പൂരം….

പൂരം കഴിഞ്ഞു പൂരപറമ്പില്‍ നിന്നും രണ്ട് ദേവതമാരും ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി അടുത്ത കൊല്ലമെന്ന് പറഞ്ഞ് പൂരപ്രേമികളും.പൂരാവേശം ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിട്ട് കൊല്ലങ്ങളായി. പൂരപ്രേമികളും ആനപ്രേമികളും നിറഞ്ഞ ആള്‍ക്കൂട്ടത്തിന് നടുവില്‍ നാം തിരിച്ചറിയാതെ പോകുന്നു ചില മുഖങ്ങള്‍. അങ്ങനെ ചില മുഖങ്ങള്‍ ഉണ്ടിവിടെ.

തന്റെ പ്രിയപ്പെട്ട ഗജപുത്രന്മാര്‍ക്കു കഴിക്കാന്‍ പഴമോ മറ്റോ ചെറിയൊരു പൊതിയില്‍ കരുതി അവരെ തൊട്ടും തലോടിയും നമസ്‌ക്കരിച്ചും പൂരപ്പറമ്പുകളില്‍ സ്ഥിരം സാന്നിധ്യമായ മുഖങ്ങള്‍. വര്‍ഷങ്ങളായി മുടക്കം കൂടാതെ ദേവകിയമ്മയും, ടൈറ്റസേട്ടനും പല പൂരങ്ങള്‍ക്കും നിറസാന്നിധ്യമാണ്.

ഈ കൊല്ലത്തെ തൃശ്ശൂര്‍പൂരത്തിന് ദേവകിയമ്മ തിരുവമ്പാടി ചന്ദ്രശേഖരനെ തൊട്ട് നമസ്‌കരിക്കുന്ന ചിത്രമാണിത്.

പൂരലഹരിയില്‍  മുഴുകി  നില്‍ക്കുന്ന ടൈറ്റസേട്ടന്‍

ടൈറ്റസേട്ടനെ പോലെ ദേവകിയമ്മയെ പോലെ ഒരുപാടുപേരുണ്ട് നമ്മുടെ കണ്ണില്‍പ്പെടാത്തവര്‍ ഒരു ആയുഷ്‌ക്കാലത്തിന്റെ ഏറിയപങ്കും പൂരപ്പറമ്പുകളില്‍ വൃശ്ചിക മഞ്ഞും മേടച്ചൂടും ഏറ്റുവാങ്ങി മേളത്തിന് താളം പിടിച്ചും കരിയുടെ നിഴല്‍പ്പറ്റിയും കരിമരുന്നിന്റെ പുക ശ്വസിച്ചും ആര്‍ക്കും പിടികൊടുക്കാത്തവര്‍. ആരോടും പരാതിയോ പരിഭവമോ പറയാത്തവര്‍. അവരുടെ കൂടിയാണ് ഓരോ പൂരങ്ങളും.