Middle East

സൗദിയില്‍ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും

സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ ഡ്രൈവര്‍ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു.

സൗദിയില്‍ രണ്ടുലക്ഷം ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 10 ലക്ഷം വിദേശികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ഡിസംബര്‍ ആകുന്നതോടെ നിലവിലുള്ള കൂടുതല്‍ വിദേശ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനാണ് സാധ്യത.

വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ വിദേശ ഡ്രൈവര്‍മാരുടെ നിയമനം ഗണ്യമായി കുറഞ്ഞു. വിദേശ റിക്രൂട്ട്‌മെന്‍റ് നടക്കുന്നില്ല. ജൂണ്‍ മുതല്‍ വനിതകള്‍ക്ക് മാത്രമായി വനിതാ ടാക്‌സികളും രംഗത്തെത്തും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്‌സി സേവനം നല്‍കുന്ന ഊബര്‍, കരിം തുടങ്ങിയ കമ്പനികള്‍ സ്വദേശി വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.