Kerala

സിനിമയിലും സീരിയലിലും ഇനി സ്ത്രീക്ക് നേരേ കയ്യോങ്ങേണ്ട.. അതിക്രമം ശിക്ഷാര്‍ഹം എന്ന് മുന്നറിയിപ്പ് വേണം

സിനിമകളിലും സീരിയലുകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ‘സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹം’ എന്ന മുന്നറിയിപ്പ് ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്കും സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യഷന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്.

സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാവ്യവസ്ഥയുടെ ലംഘനമാണ് സിനിമകളിലും സീരിയലുകളിലും കാണുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കുന്നത് യുവജനങ്ങളെ വഴിതെറ്റിക്കുന്നതിന് കാരണമായേക്കാം.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണ് മുന്നറിയിപ്പ് പ്രേക്ഷകരില്‍ ചലനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്ന കാര്യം കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സെന്‍സര്‍ ബോര്‍ഡ് കമ്മീഷനെ അറിയിച്ചു.