Kerala

പാലക്കാട് ഗ്രാമീണ ടൂറിസം പദ്ധതിയുമായി ഡിടിപിസി

ഗ്രാമങ്ങളുടെ സൗന്ദര്യവും പാരമ്പര്യവും ആസ്വദിക്കാനും അറിയാനും വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ തുറന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. പാലക്കാടന്‍ ഗ്രാമങ്ങളുടെ തനിമ ചോരാതെ നാട്ടുവഴികളിലൂടെയുള്ള സഞ്ചാരം വിനോദസഞ്ചാരികള്‍ക്ക് അനുഭവഭേദ്യമാക്കാനാണ് ജില്ലാ വിനോദസഞ്ചാര വികസന കൗണ്‍സില്‍ ശ്രമിക്കുന്നത്.

ഗ്രാമങ്ങളെ അറിയുക, ഗ്രാമങ്ങളുടെ ചരിത്രം പഠിക്കുക, പരമ്പരാഗത തൊഴിലും ഉപജീവനങ്ങളും പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞമാസം 25 അംഗ വിദേശ സംഘങ്ങളുമായി ഗ്രാമങ്ങളിലൂടെ പാലക്കാട് ഡി ടി പി സി യാത്ര നടത്തിയിരുന്നു.

അപൂര്‍വ വാദ്യോപകരണങ്ങളും നെയ്ത്തും പാലക്കാടിന്റെ പ്രത്യേകതകളാണ്. ഇവയൊക്കെ പഠിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഗ്രാമങ്ങളെ കോര്‍ത്തിണക്കുന്ന ഉത്തരവാദിത്ത ടൂറിസവും ആരംഭിച്ചു.

ചെണ്ടയും മദ്ദളവും ഇടയ്ക്കയും നിര്‍മിക്കുന്ന പെരുവെമ്പ്, ലോക പൈതൃകഗ്രാമമായി പ്രഖ്യാപിച്ച് നവീകരിച്ച കല്‍പ്പാത്തി, കഥകളി പാഠ്യപദ്ധതിയായി ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന വെള്ളിനേഴി എന്നീ ഗ്രാമങ്ങളെ കോര്‍ത്തിണക്കി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഡിടിപിസി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഇതോടൊപ്പം ഡാമുകള്‍ കേന്ദ്രീകരിച്ചും വിനോദസഞ്ചാര മേഖല വികസിപ്പിക്കാന്‍ ഡിടിപിസി ലക്ഷ്യമിടുന്നുവെന്ന് സെക്രട്ടറി അജേഷ് പറഞ്ഞു. കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലംഡാം, മലമ്പുഴ എന്നീ ഡാമുകള്‍ കേന്ദ്രീകരിച്ചും സാഹസിക ടൂറിസത്തിനും ഡിടിപിസി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

വേനലവധി കണക്കിലെടുത്ത് ഉദ്യാനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായി കുടിവെള്ള സൗകര്യം,റെയില്‍ ഷെല്‍ട്ടര്‍, വീല്‍ചെയറുകള്‍, റാപ്പുകള്‍ എന്നിവയും സജ്ജമാക്കി.

ഗ്രാമങ്ങള്‍ വിനോദസഞ്ചാരമേഖലയുടെ വലിയ സാധ്യതകളാണ് തുറക്കുന്നത്. പ്രകൃതിഭംഗി നന്നായി നിലനില്‍ക്കുന്ന പാലക്കാടന്‍ ഗ്രാമങ്ങളെ ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ തക്കവിധം ടൂറിസം പാക്കേജായി മാറ്റാനാണ് ഡിടിപിസി ലക്ഷ്യമിടുന്നതെന്നും അജേഷ് പറഞ്ഞു.