Kerala

വാഴക്കുളത്ത് ഇനി ഹര്‍ത്താല്‍ പടിക്ക് പുറത്ത്

പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളത്ത് ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തീരുമാനം. വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് തീരുമാനം. ഹര്‍ത്താലുകള്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ യോഗത്തില്‍ ജനങ്ങളും എല്ലാ വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തിരുന്നു.

അനാവശ്യമായ ഹര്‍ത്താലുകള്‍ പൈനാപ്പിള്‍ മേഖലയിലെ കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. ഹര്‍ത്താലുകള്‍ മൂലം വിളവെടുക്കുന്ന പൈനാപ്പിളുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വന്‍നഷ്ടമാണ് സംഭവിക്കുന്നത്. വേഗത്തില്‍ കേടാവുന്ന ഫലമായതിനാല്‍ പൈനാപ്പിളിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇനി മുതല്‍ വാഴക്കുളത്ത് മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ മുന്‍കൂട്ടി അറിയിച്ച് നടത്തുന്ന ഹര്‍ത്താലുകളോട് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് രാവിലെ 9 മണി മുതല്‍ 11 മണി വരെ രണ്ട് മണിക്കൂര്‍ കടകള്‍ അടച്ചിടും. അല്ലാത്ത ഹര്‍ത്താലുകളോട് പൂര്‍ണമായും സഹരിക്കില്ല.

ജനകീയ കൂട്ടായ്മയുടെ പ്രചാരണാര്‍ത്ഥം വാഴക്കുളം ടൗണില്‍ ബോധവത്കരണ കാമ്പെയ്നും ഒപ്പുശേഖരണവും നടത്തി. ഹര്‍ത്താലിനെതിരേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടന്ന ഒപ്പുശേഖരണത്തില്‍ നിരവധി ജനങ്ങള്‍ പങ്കെടുത്തത് വാഴക്കുളത്തെ പൊതു സമൂഹത്തിന്റെ ഹര്‍ത്താല്‍ വിരുദ്ധ നിലപാടുകളുടെ വെളിപ്പെടുത്തലായി.