Alerts

കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഇന്നും

കേരളതീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഇന്നു രാത്രിവരെ തുടരുമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ കടല്‍ രൂക്ഷമാകും. അതുകൊണ്ടു തീരവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

അഞ്ചു മുതല്‍ ഏഴ് അടിവരെയുള്ള വന്‍തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. ഇന്ന് അർധരാത്രിവരെ കടല്‍ക്ഷോഭം അനുഭവപ്പെടും. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം ശംഖുമുഖം തീരത്തു സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. കടലാക്രമണം ശക്തമായതിനാലും തീരവും അടുത്തുള്ള റോഡും ഭാഗികമായി തകര്‍ന്നതിനാലുമാണു നടപടി.

സംസ്ഥാനത്തിന്‍റെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ കടലാക്രമണം അനുഭവപ്പെടുകയാണ്. തിരത്തള്ളല്‍ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് വന്‍തിരമാലകള്‍ക്കു കാരണമായതെന്ന് സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.