Middle East

ദുബൈ മുഴുവന്‍ കറങ്ങാന്‍ ‘ദുബൈ പാസ്’

ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ‘ദുബൈ പാസ്’ എന്ന പുതിയ സംവിധാനവുമായി ദുബൈ ടൂറിസം വകുപ്പ്. ഈ പാസിലൂടെ ദുബൈയിലെ 33 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് ദുബൈ ടൂറിസം വകുപ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മേയ് 16 മുതല്‍ പാസ് ലഭ്യമാകും. രണ്ടു തരത്തിലുള്ള പാക്കേജുകളാണ് പാസ് വഴി ലഭിക്കുക. ദുബൈ സെലക്ടും ദുബൈ അണ്‍ലിമിറ്റഡും. ബുര്‍ജ് ഖലീഫ, വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്ക്, ഡെസേര്‍ട്ട് സഫാരി, ഐഫ്‌ലൈ, ഐഎംജി വേള്‍ഡ്, ലെഗോ ലാന്‍ഡ്, മോഷന്‍ ഗേറ്റ്, സ്‌കി ദുബൈ, ബോളിവുഡ് പാര്‍ക്ക്‌സ്, ദുബൈ അക്വേറിയം, ദുബൈ സഫാരി, വണ്ടര്‍ ബസ്, ഡോള്‍ഫിനേറിയം, ദുബൈ ഫ്രെയിം തുടങ്ങിയവയെല്ലാം ദുബൈ പാസ് വഴി സന്ദര്‍ശിക്കാം.

www.iventurecard.com/ae എന്ന വെബ്‌സൈറ്റില്‍നിന്ന് പാസ് വാങ്ങാം. ഇ-മെയില്‍ ആയും കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും പാസ് കൈപ്പറ്റാം. തിരഞ്ഞെടുത്തിരിക്കുന്ന പാക്കേജ് അനുസരിച്ച് പാസ്‌ കാണിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം.

ദുബൈ സെലക്ട്

തിരഞ്ഞെടുക്കുന്ന വിനോദങ്ങളോ പരിപാടികളോ സന്ദര്‍ശിക്കാനാണ് ദുബായ് സെലക്ട് അവസരം നല്‍കുക. ഏഴുദിവസമാണ് ദുബൈ സെലക്ടിന്‍റെ കാലാവധി. മുതിര്‍ന്നവര്‍ക്ക് 399 ( 7245 രൂപ) ദിര്‍ഹവും കുട്ടികള്‍ക്ക് 389 (7060 രൂപ) ദിര്‍ഹവുമാണ് നിരക്ക്.

ദുബായ് അണ്‍ലിമിറ്റഡ്

മൂന്ന് ദിവസമാണ് ഇതിന്‍റെ കാലാവധി. ഇതുപയോഗിക്കുന്നവര്‍ക്ക് ദുബൈയിലെ 33 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. മുതിര്‍ന്നവര്‍ക്ക് 899 (16325 രൂപ) ദിര്‍ഹവും കുട്ടികള്‍ക്ക് 846 (15360 രൂപ) ദിര്‍ഹവുമാണ് നിരക്ക്.