Kerala

കെഎസ്ആര്‍ടിസിയുടെ ‘ചങ്ക്’ തച്ചങ്കരിയെ സന്ദര്‍ശിച്ചു

കെഎസ്ആർടിസിയെ ചങ്ക് ആക്കിയ കോളജ് വിദ്യാർഥിനി റോസ്മി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ചു. ഈരാറ്റുപേട്ട ‌ഡിപ്പോയിലെ ആർഎസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാൻ ഫോൺ വിളിച്ചതോടെയാണ് റോസ്മിയും ചങ്കും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ഈ ഫോൺ വിളി വൈറലായതോടെ ബസ് തിരിച്ച് ഈരാറ്റുപേട്ടയിലെത്തിക്കാനും ബസിന് ചങ്ക് എന്നു പേരിടാനും തച്ചങ്കരി നിർദേശിച്ചു.  ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയിൽ ഇത്ര ദാരിദ്ര്യമാണോ?’ ഇതായിരുന്നു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കെഎസ്ആർടിസിയിലേക്കു വിളിച്ച് റോസ്മി ചോദിച്ചത്.

ഈരാറ്റുപേട്ട–കൈപ്പള്ളി–കോട്ടയം–കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തുന്ന വേണാട് ബസ് ആലുവ ഡിപ്പോയിലക്കു മാറ്റിയതിനെക്കുറിച്ചു പരാതി പറയാനായിരുന്നു പെൺകുട്ടി വിളിച്ചത്. ഫോണിന്‍റെ ഇങ്ങേതലയ്ക്കലുള്ള ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ ഇൻസ്പെക്ടർ സിടി ജോണി റോസ്മിക്ക് ആശ്വാസകരമായ മറുപടിയും നൽകി. അതിനിടെ കണ്ണൂരെത്തിയ  ബസ് ആരാധികയുടെ ഹൃദയത്തിന്‍റെ വിളികേട്ട് വൈകാതെ ഈരാറ്റുപേട്ടയിലെത്തി. ബസ്സിന് ചങ്ക് എന്ന പേരുംവീണു.