News

കേരളത്തിലും വരുന്നു റോ–റോ

ചരക്കുലോറികളെ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ–റോ (റോൾ ഓൺ റോൾ ഓഫ്) സംവിധാനം കേരളത്തിലും വരുന്നു. കേരളത്തിലെ ആദ്യത്തെ റോ–റോ സർവീസ് പാലക്കാട് ഡിവിഷനു ലഭിക്കുമെന്നാണു സൂചന. വിദൂരസ്ഥലങ്ങളിലേക്കു ചരക്കുമായി പോകുന്ന ലോറികളെ വഴിയിലെ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവാക്കാൻ നിശ്ചിത ദൂരം ട്രെയിനി‍ൽ കയറ്റുകയാണു റോ–റോയിൽ ചെയ്യുന്നത്.

ഒരുട്രെയിനിൽ മുപ്പതോ നാൽപ്പതോ വലിയ ലോറികൾ കയറ്റാം. ചരക്കുവാഹനങ്ങൾക്കു കുറഞ്ഞ സമയം കൊണ്ടു ലക്ഷ്യത്തിലെത്താം എന്നു മാത്രമല്ല, അത്രയും ദൂരത്തെ ഡീസൽ വിനിയോഗം, അന്തരീക്ഷ മലിനീകരണം, മനുഷ്യാധ്വാനം തുടങ്ങിയവയും ഒഴിവാക്കാം. പല നഗരപ്രദേശങ്ങളിലും തിരക്കേറിയ പകൽ സമയത്തു ചരക്കുലോറികൾ ഹൈവേകളിൽ ഓടാൻ അനുമതിയില്ല. റോ–റോ സൗകര്യം നിലവിൽ വന്നാൽ സംസ്ഥാനത്തെ റോഡപകടങ്ങളിൽ വലിയൊരു പങ്ക് ഒഴിഞ്ഞു പോകുകയും ചെയ്യും.

കൊങ്കൺ റെയിൽ‌വേയിൽ 1999ലാണു റോ–റോ സർവീസ് തുടങ്ങിയത്. സൂറത്ത്കൽ, മഡ്ഗാവ്, മഹാരാഷ്ട്രയിലെ കാറാഡ് എന്നിവിടങ്ങളി‍ൽ റോ–റോ സർവീസിനു വേണ്ടി ചരക്കുവാഹനങ്ങൾ ട്രെയിനിൽ കയറ്റാനും ഇറക്കാനും സൗകര്യമുണ്ട്. കേരളത്തിൽ നിന്നു വടക്കേ ഇന്ത്യയിലേക്കു ചരക്കുമായി പോകുന്ന പല വാഹനങ്ങളും സൂറത്ത്കലിൽ നിന്നു റോ–റോ ട്രെയിനിൽ കയറ്റി കാറാഡ് ഇറക്കുകയാണു പതിവ്.റെയിൽവേ ഡൽഹി മേഖലയിലും കഴിഞ്ഞ വർഷം റോ–റോ ട്രെയിൻ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നു യുപിയിലെ മുറാദ്നഗറിലേക്കാണു റോ–റോ ട്രെയിൻ ഏർപ്പെടുത്തിയത്.

കണ്ണൂർ സൗത്ത് സ്റ്റേഷനും റോ–റോ സർവീസിനു പരിഗണനയിലുണ്ട്. വടക്കേ ഇന്ത്യയിലേക്കും മുംബൈ തുറമുഖത്തേക്കും കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ചരക്കു നീക്കം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഉത്തര മലബാർ. പ്ലൈവുഡ്, റബർ, കൈത്തറി തുടങ്ങിയ ഉൽ‌പ്പന്നങ്ങൾ കണ്ണൂരിൽ നിന്നു വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ടൈൽസ്, മാർബിൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, സ്റ്റീൽ തുടങ്ങിയവ വൻതോതിൽ ഇറക്കുമതിയായി കണ്ണൂർ, കാസർകോട്, കോഴിക്കോട് മേഖലകളിൽ എത്തുന്നുമുണ്ട്.

നൂറുകണക്കിനു നാഷനൽ പെർമിറ്റ് ലോറികളാണ് ഈ ചരക്കുകളുമായി ദേശീയപാതയിലെ കുരുക്കുകൾക്കിടയിലൂടെ കുതിച്ചു പായുന്നത്. കണ്ണൂർ വിമാനത്താവളവും അഴീക്കൽ തുറമുഖവും പ്രവർത്തനം തുടങ്ങുന്നതോടെ ചരക്കുനീക്കം ഇനിയും പല മടങ്ങു വർധിക്കുകയും ചെയ്യും. ഈ സാഹചര്യം കണക്കിലെടുത്താണു കണ്ണൂരിൽ റോ–റോ സൗകര്യം ഏർപ്പെടുത്താൻ ആലോചിക്കുന്നത്.