Kerala

പൂര നഗരി ആവേശത്തില്‍: സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍ പൂരത്തില്‍ കരിമരുന്നുകലയുടെ ഇന്ദ്രജാലം തീര്‍ക്കാന്‍ തട്ടകക്കാര്‍ ഒരുങ്ങി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ തിങ്കളാഴ്ച വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും വെടിക്കെട്ട്. സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി ലഭിച്ചതായി ദേവസ്വങ്ങള്‍ അറിയിച്ചു. 25നാണ് തൃശൂര്‍ പൂരം.

തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആകാശപ്പൂരത്തിന്റൈ അമരക്കാര്‍. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രി ഏഴിന് തുടങ്ങും. ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയും തിരികൊളുത്തും. ആദ്യ 15 മിനിറ്റിനുള്ളില്‍ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചില്‍ നടക്കും. തുടര്‍ന്ന് വര്‍ണ അമിട്ടുകളുടെ ആഘോഷം.

കഴിഞ്ഞ വര്‍ഷം അമിട്ടില്‍ ‘പുലിമുരുകനും’, ‘ബാഹുബലിയും’ അവതരിപ്പിച്ച് ആസ്വാദകരുടെ ആരവമേറ്റുവാങ്ങിയ ഇരുവിഭാഗവും ഇക്കുറിയും ഫാന്‍സി ഇനങ്ങളിലും മികവുകാട്ടും. തിരുവമ്പാടിക്കുവേണ്ടി സജി കുണ്ടന്നൂര്‍ ഒരേ നിറത്തില്‍ത്തന്നെ കത്തലും കെടലുമായി ‘മിന്നാമിനുങ്ങ് ‘ അമിട്ടും ഒരമിട്ടില്‍നിന്ന് ഏഴ് അമിട്ടായി പൊട്ടിച്ചിതറുന്ന ‘കുട്ടന്‍പിള്ള സിനിമ’ സ്‌പെഷ്യലും കാഴ്ചവയ്ക്കും. ജിമിക്കി കമ്മല്‍, ഡാന്‍സിങ് ഗേള്‍, ഗോള്‍ഡ് വയല്‍ എന്നിവയാണ് പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസന്‍ ഒരുക്കുന്ന സാമ്പിള്‍ സ്‌പെഷ്യലുകള്‍.

2016ലെ കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെത്തുടര്‍ന്ന് ഉത്സവ വെടിക്കെട്ടുകള്‍ക്ക് സാധാരണപോലെ അനുമതി കൊടുക്കാറില്ല. തൃശൂര്‍ പൂരത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും നിയമാനുസൃതമായി മാത്രം ചടങ്ങുകള്‍ നടത്തുന്നതിനാലും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മുതല്‍ പ്രത്യേക അനുമതി കിട്ടിയത്.

2000 കിലോ വീതം കരിമരുന്നുപയോഗിച്ചുള്ള സാമഗ്രികളാണ് പൊട്ടിക്കുക. ഓലപ്പടക്കം, അമിട്ട്, ഗുണ്ട്, കുഴിമിന്നല്‍ എന്നിവയാണ് മുഖ്യമായും പ്രയോഗിക്കുക. സ്‌ഫോടനത്തിന് തീവ്രതയുണ്ടാക്കുന്ന പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കാന്‍ പാടില്ല. തേക്കിന്‍കാടിനെ ചുട്ടെരിക്കുന്ന ഉഗ്രപ്രഹരശേഷിയുള്ള ഡൈനയ്ക്കും നിരോധനമുണ്ട്.