News

ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം പ്രഖ്യാപിച്ചു: ഫഹദ് നടന്‍, മഞ്ജുവാര്യര്‍ നടി

നാല്‍പ്പത്തി ഒന്നാമത് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം നേടി. ജയരാജാണ് സംവിധായകന്‍. ഫഹദ് ഫാസിലാണ് മികച്ച നടന്‍. മഞ്ജുവാര്യരാണ് മികച്ച നടി.

സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്രരത്നം പുരസ്ക്കാരത്തിന് സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ അര്‍ഹനായി. അഭിനയത്തികവിനുള്ള ക്രിട്ടിക്സ് റൂബി ജൂബിലി പുരസ്ക്കാരം നടന്‍ ഇന്ദ്രന്‍സിനാണ്. ചലച്ചിത്രപ്രതിഭാ പുരസ്ക്കാരത്തിന് സംവിധായകന്‍ ബാലു കിരിയത്ത് നടന്‍ ദേവന്‍ എന്നിവര്‍ അര്‍ഹരായി. തൊണ്ടിമുതലിനു തിരക്കഥ ഒരുക്കിയ സജീവ്‌ പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്.

മികച്ച ചിത്രത്തിന്‍റെ സംവിധായകന്‍ ദിലീഷ് പോത്തനാണ്. മികച്ച രണ്ടാമത്തെ ചിത്രം ആളൊരുക്കവും നടന്‍ ടോവിനോ തോമസും നടി ഐശ്വര്യ ലക്ഷ്മിയുമാണ്. മികച്ച ഗായികയ്ക്കുള്ള പുരസ്ക്കാരം ജ്യോല്‍സ്നയും ഗായകനുള്ള പുരസ്ക്കാരം കല്ലറ ഗോപനും നേടി. ഇത്തവണ 48 ചിത്രങ്ങളാണ് ക്രിട്ടിക്സ് പുരസ്ക്കാരത്തിന്‍റെ പരിഗണനയ്ക്കു വന്നത്.