Kerala

കണ്ണൂരില്‍ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു

കണ്ണൂര്‍ ജില്ലയിലെ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു. ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സംവിധാനങ്ങളുടെ നിര്‍മാണ പ്രവൃത്തി മെയ് ആദ്യം തുടങ്ങും. ടൂറിസം വകുപ്പും ഡിടിപിസിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മിതി കേന്ദ്രയ്ക്കാണ് നിര്‍മാണ പ്രവൃത്തിയുടെ ചുമതല. ഭിന്നശേഷി സൗഹൃദ ജില്ല കൂടിയായ കണ്ണൂരിന്റെ ടൂറിസം സാധ്യതകളെ ഒരു പടി കൂടി ഉയര്‍ത്തുകയാണ് പദ്ധതി.

80 ലക്ഷം രൂപ ചെലവിട്ടാണ് ജില്ലയില്‍ നിര്‍മാണ പ്രവൃത്തി തുടങ്ങുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്ക്, പയ്യാമ്പലം ബീച്ച് പാര്‍ക്ക്, പഴയങ്ങാടി ബീച്ച്, മീന്‍കുന്ന് ബീച്ച്, തളിപ്പറമ്പ് വെള്ളിക്കീല്‍, ചാല്‍ബീച്ച്, ചൂട്ടാട് , വയലപ്ര, പഴശി പാര്‍ക്ക്, പിണറായി പടന്നപാലം പാര്‍ക്ക്, ധര്‍മടം, തലശേരി പ്രദേശത്തെ പാര്‍ക്കുകളും ബീച്ചുകളും തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു.

തടസ്സങ്ങളും സമ്മര്‍ദങ്ങളുമില്ലാതെ ഭിന്നശേഷിക്കാര്‍ക്ക് വിനോദസഞ്ചദാരകേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. റാമ്പുകളും ടോയ്‌ലറ്റ് സൗകര്യങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയിലുള്ള സൈനേജ് ബോര്‍ഡുകളും സ്ഥാപിക്കും. എട്ട് കേന്ദ്രങ്ങളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പരിശോധന പൂര്‍ത്തിയാക്കി.

സംസ്ഥാനത്തൊട്ടാകെ 128 ടൂറിസം കേന്ദ്രങ്ങളാണ് ഭിന്നശേഷി സൗഹൃദമാവുന്നത്. ഇതില്‍ 28 എണ്ണം റസ്റ്റ് ഹൗസുകളും മറ്റ് താമസ സൗകര്യങ്ങളുമാണ്. 9.8 കോടി രൂപയുടേതാണ് പദ്ധതി. നിര്‍മിതി കേന്ദ്രയാണ് ടൂറിസം വകുപ്പിന് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത്. മറ്റ് ജില്ലകളില്‍ ഡിടിപിസി നിയോഗിക്കുന്ന ഏജന്‍സികള്‍ക്കാണ് നിര്‍മാണ പ്രവൃത്തിയുടെ ചുമതല.