India

വിനോദ സഞ്ചാരിയുടെ മൃതദേഹം കടുവാ സങ്കേതത്തില്‍

ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തില്‍ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് നിഗമനം. മോണ്‍ടിചുര്‍ വനാതിര്‍ത്തിക്കു സമീപമുള്ള അമ്പലത്തിനു പിന്നിലുള്ള വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ 56 കാരനായ ടെക് ചന്ദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മുതിര്‍ന്ന സഹോദരനും കുടുംബത്തോടുമൊപ്പം കഴിഞ്ഞ ദിവസം നീല്‍കണ്ഡിലെത്തിയതായിരുന്നു ടെക് ചന്ദ്.മടക്കയാത്രയില്‍ സത്യനാരായണ്‍ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തിലേക്കു പോയ ഇദ്ദേഹത്തെ വൈകുന്നേരം നാലുമണിയോടെ കാണാതാവുകയായിരുന്നു.

ഇദ്ദേഹം തിരിച്ചെത്താന്‍ വൈകിയതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍തന്നെ വിവരം സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. തിരിച്ചിലിനൊടുവില്‍ രാത്രി പത്തരയോടെ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തില്‍ നിന്നും പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സമാനമായ സംഭവം മുന്‍പും ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പതിനേഴാമത്തെ ഇരയാണ് ടെക് ചന്ദ്. പ്രദേശത്ത് പലയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് അവഗണിക്കുകയാണ് പതിവ്. മുന്നറിയിപ്പുകള്‍ അവഗണിച്ച് വനത്തിനുള്ളിലേക്ക് കടക്കുന്നവരാണ് കൂടുതലും വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നതെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി