News

ടിപ്പു മുനമ്പില്‍ സംരക്ഷണവേലി നിര്‍മിക്കുന്നു

വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹില്‍സിലെ ടിപ്പു മുനമ്പില്‍ സംരക്ഷണ വേലി നിര്‍മിക്കുന്നു. മലമുകളിലെ ഏറ്റവും ഉയരംകൂടിയ മേഖലയായ ടിപ്പു മുനമ്പില്‍നിന്ന് താഴേക്കു വീണുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണു നടപടി.

പത്തടി ഉയരത്തിലാണ് ഇരുമ്പ് നെറ്റ് കൊണ്ടുള്ള വേലി ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് നിര്‍മിക്കുന്നത്. 25 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് സ്‌പെഷല്‍ ഓഫിസര്‍ എന്‍.രമേശ് പറഞ്ഞു.

സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇവിടെ രണ്ടു ജീവനക്കാരെ നിയമിച്ചെങ്കിലും പലരും മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാനും മറ്റും സംരക്ഷണഭിത്തിയില്‍ കയറുന്ന സാഹചര്യമാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെനിന്ന് താഴേക്കുവീണ യുവാവിന്റെ മൃതദേഹം രണ്ടു ദിവസത്തിനു ശേഷമാണു കണ്ടെടുത്തത്.