Destinations

തിരക്കില്‍ ശ്വാസം മുട്ടി; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും വിശ്രമം

തിക്കും തിരക്കുമായി വീര്‍പ്പുമുട്ടുകയാണ് ലോകത്തെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും. സഞ്ചാരികള്‍ പെരുകിയതോടെ ഇവയില്‍ ചിലത് അടച്ചിടാന്‍ ഭരണാധികാരികള്‍ തീരുമാനിച്ചു.   അങ്ങനെ  ആളുകള്‍ വിശ്രമിക്കാനെത്തുന്ന   വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും  വിശ്രമം 

മായാ ബീച്ച്

മായാകടലോരം മായിക നിദ്രയിലേക്ക്

ഒരു സിനിമയിലെ മുഖ്യ സ്ഥലമായിരുന്നു തായ്ലാണ്ടിലെ മായാ ബീച്ച്. ലിയാനാര്‍ഡോ കാപ്രിയോ അഭിനയിച്ച ദി ബീച്ച് എന്ന സിനിമയായിരുന്നു അത്. ഇതോടെ ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായി. ദിനം പ്രതി അയ്യായിരത്തിലേറെ സന്ദര്‍ശകര്‍ എത്തിയതോടെ ബീച്ചില്‍ ബോട്ടുകളുടെ എണ്ണവും കൂടി. തലങ്ങും വിലങ്ങും പാഞ്ഞ ബോട്ടുകള്‍ കടലിലെ പവിഴപ്പുറ്റുകള്‍ക്ക് കടുത്ത ഭീഷണിയായി. ഇതോടെ അധികൃതര്‍ ഉണര്‍ന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നാല് മാസം കടലോരം അടച്ചിടാനാണ് തീരുമാനം. നാലു മാസത്തിനു ശേഷം ബീച്ച് തുറന്നാലും ചില നിയന്ത്രണം തുടരും. ദിവസം രണ്ടായിരം സന്ദര്‍ശകരില്‍ അധികം അനുവദിക്കില്ല എന്നതാണ് ഇതിലൊന്ന്. ബോട്ടുകളുടെ സഞ്ചാരവും നിയന്ത്രിക്കും.

സിന്‍ക്വെ ടെറെ

വര്‍ണക്കുന്നില്‍ എണ്ണം കുറയ്ക്കും

ഇറ്റലിയിലെ കടലോര നഗരമായ സിന്‍ക്വെ ടെറെ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാനൊരുങ്ങുകയാണ്. കടലോര മലമുകളില്‍ പലവിധ ചായം പതിച്ച വീടുകളുള്ള ഇവിടെ സ്വദേശികള്‍ അയ്യായിരമേ വരൂ. എന്നാല്‍ പ്രതിവര്‍ഷം ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം രണ്ടു മില്ല്യന്‍ കവിയും. സഞ്ചാരികളുടെ തിക്കും തിരക്കും കടല്‍ക്ഷോഭവും കടലോര പാതകള്‍ പലതും നശിപ്പിച്ചു. മണ്ണിടിച്ചിലില്‍ ഓസ്ട്രേലിയന്‍ സഞ്ചാരികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് റിയോമാഗിയോര്‍, മനറോള പാത 2012ല്‍ അടച്ചതാണ്. സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കണമെന്ന ആവശ്യം മുന്‍പും ഉയര്‍ന്നിട്ടുണ്ട്. പക്ഷെ ഫലവത്തായില്ല. ഇപ്പോള്‍ അധികൃതര്‍ മൊബൈല്‍ ആപ് പുറത്തിറക്കിയിട്ടുണ്ട്. പാതയില്‍ ഒരേ സമയം എത്ര സഞ്ചാരികളുണ്ടെന്നു ഈ ആപ്പിലൂടെ അറിയാം. ചുവപ്പടയാളം കണ്ടാല്‍ അവിടം തിരക്ക് ഏറിയതെന്ന് മനസിലാക്കാം. സഞ്ചാരികള്‍ക്ക് ഇനി പ്രവേശനം ഇല്ലന്നും വിര്‍ച്വല്‍ സന്ദര്‍ശനം നോക്കാമെന്നുമാണ് അര്‍ഥം.

മാച്ചു പിച്ചു

പെറുവില്‍ കെറുവ് 

ലോക സഞ്ചാരികളുടെ സ്വപ്ന ഇടമാണ് പെറുവിലെ മാച്ചു പിച്ചു. ഇന്‍കാ സംസ്കാരത്തിന്‍റെ ശേഷിപ്പുകളും മഴക്കാടുകളും ഇവിടേക്ക് സഞ്ചാരിയെ ക്ഷണിക്കുന്നു. സഞ്ചാരികളുടെ തിരക്ക് ഏറിയതോടെ ഇവിടവും ശ്വാസം മുട്ടാന്‍ തുടങ്ങി. സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ 2005ല്‍ പെറു സര്‍ക്കാര്‍ തീരുമാനിച്ചു. ശുചീകരണത്തിനായി എല്ലാ ഫെബ്രുവരിയിലും അടച്ചിടാനും അന്നാണ് തീരുമാനമായത്. 2500 ലധികം സന്ദര്‍ശകരെ പ്രതിദിനം അനുവദിക്കരുതെന്ന് യുനസ്കോയും നിര്‍ദേശിച്ചിട്ടുണ്ട്.

ജേജു ദ്വീപ്‌

വിമാനങ്ങളെല്ലാം പോകുന്നത് ഇവിടേക്ക്

ലോകത്തിലെ തിരക്കേറിയ വിമാനപാത ഏതെന്നറിയുമോ? ദക്ഷിണ കൊറിയയിലെ ജേജു ദ്വീപിലേക്കാണ് വിമാനങ്ങളൊക്കെ പോകുന്നത്. മധുവിധു ആഘോഷക്കാരുടെ ഇടമായ ഇവിടെ സെക്സ് തീം പാര്‍ക്കുമുണ്ട്. പോയ വര്‍ഷം ജേജു ദ്വീപ്‌ ആകാശപാതയില്‍ പറന്നത് 65,000 വിമാനങ്ങള്‍. പ്രതിദിനം 180 വീതം. ചൈനക്കാരാണ്‌ ഇവിടെയെത്തുന്നതില്‍ അധികവും. സന്ദര്‍ശകരുടെ എണ്ണം കൂടിയതോടെ ദ്വീപില്‍ മറ്റൊരു വിമാനത്താവളം നിര്‍മിക്കാനൊരുങ്ങുകയാണ് കൊറിയന്‍ ഭരണകൂടം. 15മില്ല്യന്‍ സന്ദര്‍ശകരാണ്‌ 2017ല്‍ ഇവിടെയെത്തിയത്. സന്ദര്‍ശകരെക്കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാരാണ് ഇപ്പോള്‍ പ്രതിഷേധവുമായി വന്നിരിക്കുന്നത്.

കാനോ ക്രിസ്റ്റല്‍സ്

മഴവില്ലഴകില്‍ നദി

ആകാശത്തെ മഴവില്ല് കണ്ടിട്ടുള്ളവരാണ് നമ്മള്‍. എന്നാല്‍ നദിയില്‍ മഴവില്‍ വിസ്മയം കണ്ടാലോ? നിറങ്ങളാല്‍ നിറഞ്ഞ ഈ നദിയെ കാണാനാണ് കൊളംബിയയിലെ കാനോ ക്രിസ്റ്റല്‍സിലേക്ക് സഞ്ചാരികള്‍ എത്തുന്നത്. ജല സസ്യങ്ങളും സൂര്യപ്രകാശവുമാണ് നദിയെ നിറത്തില്‍ അണിയിച്ച് ഒരുക്കുന്നത്. ഒരുകാലത്ത് ഒളിപ്പോരാളികളുടെ കേന്ദ്രമായിരുന്നു ഇവിടം . എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് കൊളംബിയന്‍ ഭരണകൂടം ഇവരുമായി സമാധാനകരാര്‍ ഒപ്പിട്ടതോടെ ഇവിടേക്ക് സഞ്ചാരികള്‍ ഒഴുകിയെത്താന്‍ തുടങ്ങി. സഞ്ചാരീ പ്രവാഹം ജല സസ്യങ്ങള്‍ക്കും ഭീഷണിയായി. ഇതോടെയാണ് നിയന്ത്രണം കൊണ്ടുവരാന്‍ അധികൃതര്‍ ആലോചിച്ചത്. പ്ലാസ്റ്റിക് കുപ്പി പാടില്ല, മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ പാടില്ല, ചില ഇടങ്ങളില്‍ നീന്തല്‍ പാടില്ല അങ്ങനെ നിരവധി നിയന്ത്രണങ്ങള്‍ ഇതിനകം ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

വെനീസ്

നിയന്ത്രണങ്ങള്‍ വേറെ ഇടങ്ങളിലും

ഫിലിപ്പൈന്‍സിലെ ബോറാകെയ് ദ്വീപ്‌ അടച്ചിടാന്‍ പ്രസിഡന്റ് ഉത്തരവിട്ടത് സന്ദര്‍ശക ബാഹുല്യത്തെത്തുടര്‍ന്നാണ്. യൂറോപ്യന്‍ നഗരമായ വെനീസും സന്ദര്‍ശക എണ്ണത്തില്‍ വീര്‍പ്പു മുട്ടുന്ന ഇടമാണ്. കഴിഞ്ഞവര്‍ഷം ബാഴ്സലോണയിലെ അംഗീകാരമില്ലാത്ത താമസ സ്ഥലങ്ങള്‍ സര്‍ക്കാര്‍ അടപ്പിച്ചതും സന്ദര്‍ശകരുടെ എണ്ണം കൂടിയതിനാലാണ്. സന്ദര്‍ശകര്‍ പെരുകിയതോടെ റുവാണ്ടയില്‍ ഗോറില്ലകളെ കാണാനുള്ള അനുമതിക്ക് ഫീസ്‌ ആയിരത്തില്‍ നിന്നും ആയിരത്തി അഞ്ഞൂറ് ഡോളറാക്കി.