India

മുംബൈയില്‍ 19 സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു

നഗരത്തിലെ 19 റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മിനുക്കല്‍ നടപടിക്ക് പദ്ധതിയുമായി മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ (എംആര്‍വിസി). വെസ്റ്റേണ്‍ ലൈന്‍, മെയിന്‍ ലൈന്‍, ഹാര്‍ബര്‍ ലൈന്‍ എന്നിങ്ങനെ മൂന്നു ലൈനുകളിലെയും വിവിധ സ്റ്റേഷനുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമാണിത്.

വെസ്റ്റേണ്‍ ലൈനിലെ മുംബൈ സെന്‍ട്രല്‍, ജോഗേശ്വരി, കാന്താവ്ലി, മീരാറോഡ്, ഭായിന്ദര്‍, വസായ് റോഡ്, നാലസൊപാര, വിരാര്‍ എന്നീ സ്റ്റേഷനുകളും മെയിന്‍ ലൈനില്‍ ഭാണ്ഡൂപ്, മുളുണ്ട്, താനെ, ഡോംബിവ്ലി, ഷഹാഡ്, നെരാള്‍, കസാര എന്നീ സ്റ്റേഷനുകളും നവീകരിക്കുന്നതില്‍ ഉള്‍പെടും.

ജിടിബി നഗര്‍, ചെമ്പൂര്‍, ഗോവണ്ടി, മാന്‍ഖുര്‍ദ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്ന ഹാര്‍ബര്‍ ലൈനിലെ സ്റ്റേഷനുകള്‍. മുംബൈയിലെ 120ലേറെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പകുതിയിലേറെയും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അതിനാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ട്.

പരാധീനതകള്‍ പരിഹരിക്കുന്നതിനൊപ്പം ആധുനിക സൗകര്യങ്ങള്‍ ഈ 19 സ്റ്റേഷനുകളില്‍ ഒരുക്കാന്‍ കൂടി ലക്ഷ്യമിടുന്നതായി എംആര്‍വിസി അധികൃതര്‍ അറിയിച്ചു. പുതിയ നടപ്പാലങ്ങള്‍, സ്‌കൈ വാക്കുകള്‍, ടിക്കറ്റ് കൗണ്ടറിലെ തിരക്കു കുറയ്ക്കുന്ന വിധമുള്ള നടപടികള്‍, സ്റ്റാളുകളും മറ്റു കിയോസ്‌കുകളും മാറ്റി സ്ഥാപിക്കല്‍ എന്നിവയടങ്ങുന്നതാണു നവീകരണ പ്രവര്‍ത്തനങ്ങള്‍.